റിയാദ്: വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 20 മലയാളികൾ ഉൾപ്പടെ 290 ഇന്ത്യക്കാർ നാട്ടിൽ തിരിച്ചെത്തി. വിസ, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായവരാണ് തിങ്കളാഴ്‌ച നാട്ടിൽ തിരിച്ചെത്തിയത്.
തിങ്കളാഴ്‌ച വന്ന 290 പേരടക്കം കോവിഡ് തുടങ്ങിയതിന് ശേഷം സൗദി നാടുകടത്തിയ ഇന്ത്യക്കാരുടെ എണ്ണം 2971 ആയി. റിയാദിൽ നിന്ന് രാവിലെ 10 മണിയോടെ സൗദി എയർലൈൻസ് വിമാനത്തിൽ പുറപ്പെട്ട ഇന്ത്യൻ സംഘം രാത്രിയോടെ ഡെൽഹിയിലെത്തി. ഇവിടെ നിന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ച് സ്വദേശത്തേക്ക് പോകും. 20 മലയാളികളെ കൂടാതെ തമിഴ്‌നാട്ടിൽ നിന്നുള്ള 11 പേരും ആന്ധ്രപ്രദേശിൽ നിന്നുള്ള 15 പേരും 22 ബിഹാർ സ്വദേശികളും 116 ഉത്തർപ്രദേശ് സ്വദേശികളും 54 പശ്‌ചിമ ബംഗാൾ സ്വദേശികളും രാജസ്‌ഥാനിൽ നിന്നുള്ള 18 പേരുമാണ് സംഘത്തിൽ ഉള്ളത്.
ഇനിയും 400ഓളം ഇന്ത്യക്കാർ സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നുണ്ട്. വരും ദിവസങ്ങളിൽ ഇവരെ കൂടി നാട്ടിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ട്. മലയാളികൾ അടക്കം വിവിധ സംസ്‌ഥാനത്ത് നിന്നുള്ളവരാണ് ഇവർ. ഊഴമനുസരിച്ച് ഇവരെ തിരിച്ചയക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞു.
Also Read: കോവിഡ് ഭീതി അകലുന്നു; ഒമാനില്‍ ടൂറിസ്‌റ്റ് വിസ അനുവദിക്കാന്‍ തീരുമാനം






































