വാഷിംഗ്‌ടൺ: ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷം ചൈന ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതാണെന്ന് യുഎസ് ഉന്നതതല സമിതിയുടെ റിപ്പോർട്ട്. യുഎസ് കോൺഗ്രസിൽ യുഎസ് ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഡിസംബര്‍ ഒന്നിനാണ് യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ചില തെളിവുകള്‍ പ്രകാരം ഈ സംഘര്‍ഷം ആഴ്‌ചകള്‍ക്ക് മുന്‍പ് തന്നെ ചൈന ആസൂത്രണം ചെയ്‌തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്തൊക്കെ തിരിച്ചടികള്‍ ഉണ്ടാകും എന്നതും ചൈന കണക്കുകൂട്ടിയിരുന്നു. ജപ്പാന്‍ മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങള്‍ക്കെതിരെ ചൈന സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഗാൽവാൻ സംഭവം അവര്‍ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതെന്ന് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സംഘര്‍ഷത്തിന് ആഴ്‌ചകള്‍ക്ക് മുന്‍പ് ചൈനീസ് പ്രതിരോധ മന്ത്രി നടത്തിയ പ്രസ്‌താവനയടക്കം ഇതിന്റെ സൂചനയാണ്. സംഘർഷത്തിന് തൊട്ടു മുൻപുള്ള ആഴ്‌ചയിൽ സംഘർഷം നടന്ന അതിർത്തിയിലേക്ക് വലിയതോതിൽ ചൈന സൈനിക നീക്കം നടത്തിയത് ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും വ്യക്‌തമാണ്. ആളപായം ഉണ്ടാകാനുള്ള സാധ്യതപോലും ചൈന മുന്നിൽക്കണ്ടിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2020 മെയ് മാസം മുതലുണ്ടായ ഉരസലുകള്‍ക്ക് ഒടുവിലാണ് ഗാൽവാൻ സംഘര്‍ഷമുണ്ടായത്. 20 ഇന്ത്യന്‍ സൈനികരും, നിരവധി ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കാരുടെ എണ്ണം ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Kerala News: ‘ബുറെവി’ സംസ്‌ഥാനത്ത് വെള്ളിയാഴ്‌ചയോടെ; നടപടികൾ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി






































