തിരുവനന്തപുരം: വിവിധ ജില്ലകളിലെ അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് എന്‍ഡിആര്‍എഫ്(നാഷണൽ ഡിസാസ്‌റ്റർ റെസ്‌പോൺസ് ഫോഴ്‌സ്)സംഘം സ്‌ഥിതിഗതികള്‍ വിലയിരുത്തി. ബുറെവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. അപകട സാധ്യതാ മേഖലകളില്‍ നിന്ന് 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കോട്ടയം ജില്ലയില്‍ 163 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കിയില്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്.
എന്‍ഡി ആര്‍എഫ് കൊല്ലത്ത് മണ്‍ട്രോത്തുരുത്തിലും കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളിലെ തീരമേഖലകളിലും സന്ദര്‍ശനം നടത്തി. ആലപ്പുഴയില്‍ അമ്പലപ്പുഴ താലൂക്കിലെ വണ്ടാനം മുതല്‍ പുറക്കാട് അയ്യന്‍കോയിക്കല്‍ കടപ്പുറം വരെ 17 അംഗ എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശിച്ചു. ഇടുക്കിയില്‍ എന്‍ഡിആര്‍എഫിന്റെ 20 അംഗ സംഘം പൈനാവ് സന്ദര്‍ശിച്ചു. കൂടാതെ 20 അംഗങ്ങളുള്ള മറ്റൊരു സംഘം മൂന്നാറിലും ക്യാമ്പ് ചെയ്യുന്നുണ്ട്.
എറണാകുളത്ത് 19 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് എത്തിയിട്ടുള്ളത്. അതേസമയം പത്തനംതിട്ട ജില്ലയില്‍ 16 അംഗ എന്‍ഡിആര്‍എഫ് സംഘമാണുള്ളത്. ജില്ലയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ നീക്കം ചെയ്യാന്‍ ജില്ലാ കളക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെന്‍മല ഡാമിന്റെ ഷട്ടര്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലത്തു നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ എല്ലാം തിരികെ എത്തിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം കോട്ടയത്ത് ഡിസംബര്‍ അഞ്ച് വരെ മല്‍സ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read Also: സഭയെ അവഹേളിച്ചു; രമേശ് ചെന്നിത്തലക്ക് എതിരെ അവകാശ ലംഘന നോട്ടീസ്