ചെന്നൈ: ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3ഓടെ മധ്യ ബംഗാൾ ഉൾക്കടലിലേക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്‌ഥാ മുന്നറിയിപ്പിൽ പറയുന്നത്. പിന്നീട് ഇത് ചുഴലിക്കാറ്റായി മാറും. സൗദി അറേബ്യ നിർദ്ദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ‘ജവാദ്’ എന്ന് പേര് നൽകിയത്.
അതേസമയം ജാവാദ് ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് നിലവിലെ നിഗമനം.
കേരളത്തിൽ എവിടെയും ഇന്നോ ഇനിയുള്ള ദിവസങ്ങളിലോ മഴ മുന്നറിയിപ്പില്ല. ഇന്ന് രാവിലെ വന്ന മഴ മുന്നറിയിപ്പിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ടായിരുന്നു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ ലഭിക്കുമെന്നും മഴ മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. ശക്‌തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരളാതീരത്ത് മൽസ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴയ്‌ക്ക് കാരണമാകുന്നത്. മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്‍ട്ര തീരത്ത് നാളെയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
Most Read: ചിരിക്ക് ഓരോ വര്‍ഷവും കൂടുതല്‍ വില നല്‍കേണ്ടി വരുന്നു; കുനാല്‍ കമ്ര