ബംഗളൂരു: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി റദ്ദാക്കിയ വിഷയത്തില്‍ പ്രതികരിച്ച് പ്രശസ്‌ത സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ചിരിക്ക് കൊമേഡിയൻമാര്‍ വലിയ വില നല്‍കേണ്ടി വരുന്നു എന്നാണ് കമ്രയുടെ പ്രതികരണം. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗ്രതി സമിതിയുടെ ഭീഷണിക്ക് വഴങ്ങിയാണ് ബംഗളൂരു പോലീസ് ഫാറൂഖിയുടെ പരിപാടി റദ്ദാക്കിയത്.
“ചിരിക്ക് ഓരോ വര്‍ഷവും കൊമേഡിയൻമാര്‍ കൂടുതല്‍ വില നല്‍കേണ്ടിവരുന്നു. അവരുടെ തന്നിഷ്‌ടത്തിനും ആവേശത്തിനുമാണ് അവര്‍ വില നല്‍കുന്നത്. ചില കൊമേഡിയൻമാര്‍ അവരുടെ വിഡിയോ ഓണ്‍ലൈനില്‍ റിലീസ് ചെയ്യും മുമ്പ് അഭിഭാഷകരെ കാണിച്ച് ബോധ്യപ്പെടുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാലഭേദങ്ങളില്ലാതെ ആഴ്‌ന്നുള്ള ചിരിക്ക് പിഴകൊടുക്കേണ്ടിവരും. അത് കുറ്റകരമായിത്തീരും.”- കുനാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സംഘപരിവാർ ആക്രമണത്തിന് ഇരയായ സ്‌റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയ്‌ക്ക് പിന്തുണയുമായി മുൻ രാജ്യസഭാ എംപി പ്രതീഷ് നന്ദി രംഗത്ത് വന്നിരുന്നു. ഫാറൂഖിയുടെ പരിപാടികൾ ഹിന്ദുത്വ സംഘടനകൾ തുടർച്ചയായി തടസപ്പെടുത്തുകയാണ്. ഇതിനെതിരെ കേസ് രജിസ്‌റ്റർ ചെയ്യണമെന്ന് പ്രതീഷ് ആവശ്യപ്പെട്ടു. ഫാറൂഖിയുടെ അവസ്‌ഥ രാജ്യത്തിന് തന്നെ നാണക്കേടാണെന്നായിരുന്നു ശശി തരൂർ എംപിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് സംഘപരിവാർ ഭീഷണിയെ തുടർന്ന് കരിയർ അവസാനിപ്പിക്കുകയാണെന്ന് ഫാറൂഖി പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഫാറൂഖിയുടെ 12 പരിപാടികളാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം മുംബൈയിൽ നടക്കാനിരുന്ന പരിപാടി ഗുജറാത്തിൽ നിന്ന് നേരിട്ടെത്തി ബജ്‌രംഗ്‌ദള്‍ സംഘം റദ്ദാക്കുകയായിരുന്നു. ഫാറൂഖി ഹിന്ദുക്കൾക്കൾക്ക് എതിരാണെന്നും ഇദ്ദേഹത്തിന്റെ പരിപാടി നടത്തിയാൽ ഓഡിറ്റോറിയം കത്തിക്കുമെന്നും സംഘാടകർക്ക് നേരെ ഭീഷണി ഉയർത്തിയിരുന്നു.
തുടർന്ന് ബെംഗളൂരുവിലെ പരിപാടി കൂടി റദ്ദാക്കിയതോടെ ‘വിദ്വേഷം ജയിച്ചു, കലാകാരൻ തോറ്റു. എല്ലാം നിർത്തുന്നു’ എന്ന് ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്യുകയായിരുന്നു ഫാറൂഖി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും, ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ജനുവരിയിൽ മുനവര്‍ ഫാറൂഖിയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഒരു മാസത്തിന് ശേഷം ഇദ്ദേഹത്തിന് സുപ്രീ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും വിവാദങ്ങൾ ഫാറൂഖിയെ വിടാതെ പിന്തുടരുകയായിരുന്നു.
Read also: ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ്; കേന്ദ്രത്തെ വിമർശിച്ച് കെജ്‌രിവാൾ