ന്യൂഡല്‍ഹി: പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി, ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു.
2018ല്‍ സുപ്രീം കോടതി ഇതു നിര്‍ബന്ധമാക്കിയെങ്കിലും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ നടപടി. ഡല്‍ഹി തലസ്ഥാന മേഖലയില്‍ ഇതു കര്‍ശനമായി നടപ്പാക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടതെങ്കിലും രാജ്യവ്യാപകമായി ഇതു പാലിക്കുന്നുവെന്നുറപ്പാക്കാനാണ് ഐആര്‍ഡിഎയുടെ നിര്‍ദേശം. സുപ്രീംകോടതി നിര്‍ദേശം പാലിക്കാതെ പോളിസികള്‍ പുതുക്കുന്നതില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അതേസമയം, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലയിം ലഭിക്കിലെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ സന്ദേശം മാത്രമാണിത്. സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസി പുതുക്കി നല്‍കേണ്ടതില്ലെന്നാണ് ഐആര്‍ഡിഎഐ സര്‍ക്കുലറില്‍ പറയുന്നത്.






































