കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ രസകരമായ രീതികളാണ് സ്‌ഥാനാർഥികൾ സ്വീകരിക്കുന്നത്. ഏറ്റവും പുതിയ സിനിമാ പാട്ടുകളുടെ പാരഡികളാണ് പൊതുവെ പ്രചാരണ ദിനങ്ങളിൽ കണ്ടുവരുന്നത്. എന്നാൽ, കാസർഗോഡ് ബ്ളോക്ക് പഞ്ചായത്തിലെ വോട്ടർമാരുടെ ഇടയിലേക്ക് ‘മണി’നാദം മുഴക്കി കടന്ന് വരുന്ന ഒരു സ്‌ഥാനാർഥിയാണ് ഇപ്പോൾ താരം.
നിരവധി വേദികളിൽ നടൻ കലാഭവൻ മണിയുടെ പാട്ടുകൾ പാടി നിറഞ്ഞുനിന്നിരുന്ന കലാഭവൻ രാജു എന്ന കലാകാരനാണ് നാടൻ പാട്ടുകളുമായി വോട്ട് തേടുന്നത്. കാസർഗോഡ് ബ്ളോക്ക് കളനാട് ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥിയാണ് രാജു. കലാഭവനോടും കലാഭവൻ മണിയോടുമുള്ള ഇഷ്‌ടമാണ് രാജു ജനങ്ങളിലേക്കും പകരുന്നത്. സ്‌ഥാനാർഥിയുടെ വോട്ടഭ്യർഥന വളരെ സന്തോഷത്തോടെയാണ് ജനങ്ങൾ സ്വീകരിക്കുന്നത്.
Also Read: സിഎം രവീന്ദ്രനെ ഇഡി വ്യാഴാഴ്‌ച ചോദ്യം ചെയ്യും
നേരത്തെ ചെമ്മനാട് ഗ്രാമ പഞ്ചായത്തംഗം കൂടിയായിരുന്നു രാജു. രണ്ടാം നാട്ടങ്കത്തിൽ പാട്ട് പാടി വോട്ട് പെട്ടിയിലാക്കാമെന്ന പ്രതീക്ഷയിലാണ് രാജു. കലാഭവൻ മണിയുടെ പാട്ടിന്റെ ഈണത്തിൽ പ്രചാരണം പൊടിപൊടിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിൽ പാടാനുള്ള വേദികൾ നഷ്‌ടമായെങ്കിലും തന്റെ ഇഷ്‌ട കലാകാരനെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് ഇദ്ദേഹം.







































