ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കാണും. പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച് അഞ്ചു നേതാക്കൾ വൈകിട്ട് രാഷ്‌ട്രപതി ഭവനിൽ എത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തുക.
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടിആര്‍ബാലു, എന്‍സിപി നേതാവ് ശരദ് പവാർ തുടങ്ങിയ നേതാക്കളാകും സംഘത്തിലുണ്ടാകുക. 11 പാര്‍ട്ടികളാണ് രാഷ്‌ട്രപതിയെ കാണാന്‍ അനുമതി തേടിയത്. എന്നാൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഞ്ചു പേര്‍ക്ക് മാത്രമേ രാഷ്‌ട്രപതി ഭവന്‍ അനുമതി നൽകിയിട്ടുള്ളൂ.
പുതിയ നിയമം ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് വഴിവെക്കുമെന്നും ജനാധിപത്യ വിരുദ്ധമായാണ് പാര്‍ലമെന്റില്‍ പാസാക്കിയതെന്നും പ്രതിപക്ഷം രാഷ്‌ട്രപതിക്ക് മുന്നില്‍ വ്യക്‌തമാക്കും. സെപ്റ്റംബറിൽ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് പാര്‍ലമെന്റിൽ കേന്ദ്ര സർക്കാർ പാസാക്കിയ ബില്ലിൽ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്‌ട്രപതിയെ കണ്ടിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം അന്ന് രാഷ്‌ട്രപതി തള്ളുകയും ബിൽ നിയമമാക്കുകയും ആയിരുന്നു.
അതേസമയം, കർഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ചൊവ്വാഴ്‌ച വൈകിട്ട് നടന്ന ചർച്ചയിൽ 15ഓളം കർഷക സംഘടനാ നേതാക്കളാണ് പങ്കെടുത്തത്. എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതിരുന്ന കേന്ദ്രം ന്യായീകരണങ്ങൾ ആവർത്തിക്കുകയാണ് ചെയ്‌തത്. അതിനാൽ കേന്ദ്രസർക്കാരുമായി ഇനി ചർച്ചക്കില്ലെന്ന് കർഷകർ അറിയിച്ചു.
Related News: കേന്ദ്രം പക വീട്ടുകയാണ്; തടഞ്ഞു വച്ചത് മനപൂര്‍വം; അരവിന്ദ് കെജ്‌രിവാള്‍









































