കോഴിക്കോട്: സ്കൂൾ കെട്ടിടത്തിനും സമീപമുള്ള വീടിനും ഭീഷണിയാകുന്ന തരത്തിൽ നടത്തിയ ചെങ്കൽ ഖനനം നഗരസഭ തടഞ്ഞു. മുക്കം ഹയർ സെക്കണ്ടറി സ്കൂളിന് സമീപം സ്കൂൾ മാനേജർ നടത്തിയ ഖനനമാണ് അധികൃതർ തടഞ്ഞത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയോ നഗരസഭയുടെയോ അനുമതി ഇല്ലാതെയാണ് ഖനനം നടന്നതെന്ന് നഗരസഭാ സെക്രട്ടറി എൻകെ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
സ്കൂൾ വളപ്പിനകത്തും പരിസരത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലുമാണ് ഖനനം നടത്തിയിരുന്നത്. കോവിഡ് സാഹചര്യത്തിൽ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. നഗരസഭാ ഉദ്യോഗസ്ഥർ ഉൾപ്പടെ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാൽ അനധികൃത ഖനനം ആരും അറിഞ്ഞിരുന്നില്ല. സ്കൂൾ കെട്ടിടത്തിന്റെയും സമീപത്തെ വീടിന്റെയും ഇടയിൽ ചെങ്കല്ല് കൊത്തിയെടുത്ത കുഴിക്ക് 50 അടിയോളം താഴ്ചയുണ്ട്. ഇതാണ് അപകട ഭീഷണി ഉയർത്തുന്നത്.
Also Read: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 3.6 ലക്ഷം രൂപ പിടികൂടി; രണ്ടു പേർ അറസ്റ്റിൽ
നഗരസഭയിലെ കുറ്റിപ്പാല ഭാഗത്ത് അനധികൃത ചെങ്കൽ ഖനനം നടക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധന നടത്തിയത്. തുടർന്ന്, ചെങ്കൽ ഖനനം ഉടൻ നിർത്തി വെക്കുന്നതിന് ക്വാറിക്ക് സ്റ്റോപ് മെമ്മോ നൽകിയതായും അനുമതി കൂടാതെ പ്രവർത്തി നടത്തിയതിന് 5000 രൂപ പിഴ ഈടാക്കിയതായും നഗരസഭാ സെക്രട്ടറി അറിയിച്ചു.






































