റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,000 കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ ഇതുവരെ 6,002 പേർ കോവിഡ് ബാധിച്ച് മരിച്ചു. ബുധനാഴ്‌ച 13 പേരാണ് മരിച്ചത്.
159 പേർക്ക് പുതുതായി രോഗം സ്‌ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിനുശേഷം 9 മാസത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറവ് കണക്കാണിത്. 210 പേർ രോഗമുക്‌തരായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 3,59,274 ആയി. രോഗമുക്‌തരുടെ എണ്ണം 3,49,624 ആയി ഉയർന്നു. സൗദിയിലെ രോഗമുക്‌തി നിരക്ക് 97.3 ശതമാനമായി. മരണനിരക്ക് 1.7 ആയി തുടരുകയാണ്.
3,648 പേർ മാത്രമാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നത്. ഇതിൽ ഗുരുതരാവസ്‌ഥയിലുള്ളത് 550 പേർ മാത്രമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ റിയാദിലാണ് (65) ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ രേഖപ്പെടുത്തിയത്. മക്ക (24), മദീന (22), കിഴക്കൻ പ്രവിശ്യ (21), അസീർ (10), തബൂക്ക് (7), ഖസീം (4), വടക്കൻ അതിർത്തി മേഖല (2), അൽജൗഫ് (2), ജീസാൻ (2), ഹാഇൽ (2), നജ്‌റാൻ (1) എന്നിങ്ങനെയാണ് സൗദിയിൽ രേഖപ്പെടുത്തിയ പുതിയ കോവിഡ് കേസുകൾ.
Read also: ഭാഗിക പൊതുമാപ്പ്; നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് 400 പേർ മാത്രം







































