ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്‌ച തറക്കല്ലിടും. ഒരുമണിക്ക് ഭൂമിപൂജ നടത്തിയതിന് ശേഷമാണ് തറക്കല്ലിടല്‍ ചടങ്ങുകള്‍ നടക്കുക. 971 കോടി രൂപ ചെലവിലാണ് 64,500 ചതുരശ്രമീറ്റര്‍ വിസ്‌തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണം. പ്രധാനമന്ത്രിക്കു പുറമേ ലോകസഭാ സ്‌പീക്കര്‍ ഓം ബിര്‍ളയും ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം കെട്ടിടത്തിന്റെ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കില്ല. പദ്ധതിയെ എതിര്‍ക്കുന്ന ഹരജികളില്‍ തീര്‍പ്പാകും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്‌ച ഉത്തരവിട്ടിരുന്നു. ശിലാസ്‌ഥാപനത്തിനും കടലാസു ജോലികള്‍ക്കും കോടതി വിധി തടസമല്ലാത്ത പശ്‌ചാത്തലത്തിലാണ് ഇന്ന് തറക്കല്ലിടല്‍ ചടങ്ങ് നടക്കുന്നത്.
രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ തറക്കല്ലിടല്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നത കാരണം പിന്‍വലിക്കുക ആയിരുന്നു.
Read Also: രണ്ടാം ഘട്ട വോട്ടെടുപ്പ്; അഞ്ചു ജില്ലകള്‍ ഇന്ന് വിധിയെഴുതും