തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലും സമരം ആരംഭിച്ച് കര്‍ഷക സംഘടനകള്‍. തിരുവനന്തപുരം പാളയം രക്‌തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംയുക്‌ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ അനിശ്‌ചിതകാല സത്യാഗ്രഹം ആരംഭിച്ചു.
കര്‍ഷകസമരത്തെ രാഷ്‌ട്രീയമായി നേരിടാനുള്ള തീരുമാനം ബിജെപി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കേന്ദ്രത്തിലെ ഒരു സര്‍ക്കാര്‍ പോലും ഇത്ര കര്‍ഷകദ്രോഹ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെല്‍ഹിയിലെ സമരം ഒത്തുതീര്‍പ്പാകുന്നതു വരെ സംസ്‌ഥാനത്തും പ്രക്ഷോഭം തുടരാനാണ് സംയുക്‌ത കര്‍ഷകസമിതിയുടെ തീരുമാനം. സിപിഐ സംസ്‌ഥാന അസിസ്‌റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു, നീല ലോഹിതദാസന്‍ നാടാര്‍ ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.







































