കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ഭരണത്തിലെത്താൻ കഴിയുന്ന പാർട്ടിക്ക് പിന്തുണ നൽകുമെന്ന് സ്വതന്ത്ര സ്‌ഥാനാർഥിയും ഐയുഎംഎൽ വിമതനുമായ ടികെ അഷ്‌റഫ് പറഞ്ഞു. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കൾ തന്നെ വിളിച്ചിട്ടുണ്ട്. ആരോടും തൊട്ടുകൂടായ്‌മ ഇല്ല. വൈകുന്നേരം യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി മൽസരിക്കാൻ ടിക്കറ്റ് നൽകാത്തതിനെ തുടർന്നാണ് അഷ്‌റഫ് സ്വതന്ത്രനായി മൽസരിക്കാൻ തീരുമാനിച്ചത്.
അതേസമയം, കൊച്ചി കോർപ്പറേഷനിൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ല. എന്നാൽ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയിൽ എൽഡിഎഫ് ആയിരിക്കും ഭരിക്കുക. 34 സീറ്റുകളിൽ എൽഡിഎഫാണ് മുന്നിൽ. 31 സീറ്റുകളിൽ യുഡിഎഫും അഞ്ച് സീറ്റുകളിൽ ബിജെപിയും മുന്നേറുകയാണ്. കോർപ്പറേഷനിൽ നാല് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ഇതിൽ രണ്ട് പേർ ലീഗ് വിമതരും ഒരാൾ യുഡിഎഫ് വിമതനും മറ്റൊരാൾ എൽഡിഎഫ് വിമതനുമാണ്.
38 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. യുഡിഎഫിന് ഭരണം നഷ്‌ടപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ വിമത സ്‌ഥാനാർഥികൾ ആയിരിക്കും ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുക.
കഴിഞ്ഞ 10 വര്‍ഷമായി യുഡിഎഫാണ് കോർപ്പറേഷന്‍ ഭരിക്കുന്നത്. അതിന് മുന്‍പ് 30 വര്‍ഷം എല്‍ഡിഎഫായിരുന്നു ഭരിച്ചിരുന്നത്.
Also Read: സംസ്‌ഥാന സർക്കാരിന്റെ പ്രകടനത്തിനുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലം; പ്രകാശ് കാരാട്ട്







































