തിരുവനന്തപുരം : ശക്‌തമായ ത്രികോണ മല്‍സരം നടന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മികച്ച വിജയം സ്വന്തമാക്കി. ആകെ നൂറ് സീറ്റുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 52 സീറ്റുകളിലും വിജയം നേടിയാണ് എല്‍ഡിഎഫ് ഭരണത്തിലേക്കെത്തുന്നത്. ഒപ്പം തന്നെ ഇവിടെ 35 സീറ്റുകള്‍ സ്വന്തമാക്കി ബിജെപി രണ്ടാം സ്‌ഥാനത്ത് നിക്കുമ്പോള്‍ വെറും 10 സീറ്റുകള്‍ മാത്രമാണ് യുഡിഎഫ് സ്വന്തമാക്കിയത്. ഒപ്പം തന്നെ 3 സീറ്റുകളില്‍ മറ്റുള്ളവരും വിജയം നേടിയിട്ടുണ്ട്.
ശക്‌തമായ പ്രചാരണവും, കോര്‍പ്പറേഷനില്‍ ഭരണം നേടാന്‍ ഉറപ്പിച്ച് ബിജെപി കളത്തിലിറങ്ങിയതും തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടിയിരുന്നു. യുഡിഎഫിന് ശക്‌തമായ പ്രാതിനിധ്യം ഉണ്ടായിരുന്ന പല സീറ്റുകളിലും വലിയ തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കിയിരുന്നെങ്കിലും ഇത്തവണ അത് ആവര്‍ത്തിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കേവലഭൂരിപക്ഷം 51 സീറ്റ് ആണെന്നിരിക്കെയാണ് എല്‍ഡിഎഫ് 52 സീറ്റുകളില്‍ വിജയം നേടിയത്. ഇതോടെ എല്‍ഡിഎഫ് ഇവിടെ ഒറ്റക്ക് ഭരിക്കുമെന്ന കാര്യം ഉറപ്പായി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം നേടുമെന്നുറപ്പിച്ച് ബിജെപി ഇറങ്ങി പുറപ്പെട്ടതോടെ അതിനെ എതിര്‍ക്കാനായി രാഷ്‌ട്രീയപരമായും സംഘടനാ പരമായും വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പിച്ചു പറഞ്ഞിരുന്നു. അതിന് ഫലം കണ്ടുവെന്നതിന്റെ സൂചന കൂടിയാണ് തിരുവനന്തപുരത്തെ എല്‍ഡിഎഫ് ജയം.
Read also : ഭരണം നേടുന്ന പാർട്ടിക്ക് പിന്തുണ; കൊച്ചിയിലെ ലീഗ് വിമത സ്‌ഥാനാർഥി







































