തിരുവനന്തപുരം: ബിജെപി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് പിന്നില്‍ ഒരു കാരണവുമില്ലെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
സ്‌ഥാനാർഥികള്‍ക്ക് വേണ്ടിപോലും പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും ഇക്കാര്യത്തില്‍ ഒരു ന്യായീകരണവും പറയാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ ബിജെപി കേന്ദ്ര നേതാക്കളോടും ആര്‍എസ്എസിനോടും വിശദീകരിച്ചു.
‘ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിന് ഒരു കാരണവുമില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു സ്‌ഥാനാർഥിക്ക് വേണ്ടി പോലും പ്രവര്‍ത്തിക്കാത്തതിന് ന്യായീകരണമില്ല. ഒറ്റക്കെട്ടായി പോകണമെന്നും പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ല,’ സുരേന്ദ്രന്‍ പറഞ്ഞു.
തനിക്കെതിരെ പ്രവ്യത്തിക്കുന്നവരെന്ന് മാദ്ധ്യമങ്ങള്‍ പറയുന്ന എംടി രമേശും പികെ കൃഷ്‌ണദാസും അടക്കമുള്ളവര്‍ പോലും തിരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണത്തിന് ഇറങ്ങിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്‍ത്രീകള്‍ മൽസരംഗത്ത് സജീവമായ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ പ്രമുഖ വനിതാ നേതാക്കളിലൊരാളായ ശോഭാ സുരേന്ദ്രനെ മാറ്റിനിര്‍ത്തിയതിന്റെ കാരണം വ്യക്‌തമാക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായത് പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് നേതൃത്വം വിലയിരുത്തിയിരുന്നു. ഇതിന് മറുപടിയായാണ് സുരേന്ദ്രന്റെ പ്രസ്‌താവന.
Read also: തദ്ദേശം 2020; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ നാളെ







































