ചെറുപുഴ: ജോസ്‌ഗിരിയിൽ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. ചെറുപുഴ സ്വദേശി പെട്ടക്കല്‍ ബിനോയ് (40) ആണ് അറസ്‌റ്റിലായത്. ചെറുപുഴ സ്വദേശി പൗലോസ് (78), ഭാര്യ റാഹേല്‍ (72) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്‌റ്റ്. പൗലോസിന്റെ മകന്‍ ഡേവിഡിനെ (47) കുത്തി പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
മരണപ്പെട്ട പൗലോസിന്റെ സഹോദര പുത്രനാണ് പ്രതിയായ ബിനോയ്. കഴിഞ്ഞ 13നാണ് കേസിന് ആസ്‌പദമായ സംഭവം ഉണ്ടായത്. സ്വന്തം സഹോദരനെ കുത്തി കൊലപ്പെടുത്തിയ മറ്റൊരു കേസില്‍ ബിനോയിക്ക് എതിരെ പൗലോസിന്റെ മൂത്തമകന്‍ സാക്ഷി പറഞ്ഞതിനെ തുടര്‍ന്നാണ് ഈ കുടുംബത്തോടെ പ്രതിക്ക് വൈരാഗ്യം ഉണ്ടായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ആ കേസില്‍ ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ പ്രതി, പൗലോസിന്റെ വീട്ടിലെത്തി കുറ്റകൃത്യങ്ങള്‍ നടത്തുകയായിരുന്നു. സംഭവത്തിനു ശേഷം ബിനോയ് ഒളിവില്‍ പോയി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന് ഇടയില്‍ ബിനോയിയെ ആത്‍മഹത്യക്ക് ശ്രമിച്ച നിലയില്‍ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. ബിനോയ് കാമുകിക്കൊപ്പം ആണ് ആത്‍മഹത്യക്ക് ശ്രമിച്ചത്.
ഇരുവരെയും ചെറുപുഴ സ്വകര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാമുകി മരിച്ചിരുന്നു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ ബിനോയിയെ പരിയാരത്ത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ചെറുപുഴ പൊലീസെത്തി അറസ്‌റ്റ് രേഖപ്പെടുത്തിയത്.
Malabar News: കാഞ്ഞങ്ങാട്ടെ കൊലപാതകം പാര്‍ട്ടിയെ തകര്‍ക്കാനുള്ള എതിരാളികളുടെ ഗൂഢാലോചന; എ വിജയരാഘവന്‍







































