തിരുവനന്തപുരം: എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും ജോലി ലഭിക്കാത്ത സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ‘നവജീവൻ’ എന്ന് പേരിട്ടിരിക്കുന്ന വായ്പാ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇത് പ്രകാരം 50–65 പ്രായപരിധിയിൽ ഉൾപ്പെട്ടവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾക്കായി ധനസഹായം ലഭിക്കും.
50 വയസ് കഴിഞ്ഞിട്ടും കാര്യമായ വരുമാന മാർഗം ഇല്ലാത്തവർക്ക് സ്വന്തം കാലിൽ നിൽക്കാൻ അവസരം നൽകുകയാണ് സർക്കാർ. എംപ്ളോയ്മെന്റ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുക. അർഹരായവർക്ക് സ്വയം തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുന്നതിനായി സബ്സിഡിയോടെ വായ്പ ലഭ്യമാകും.
വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള മുതിർന്ന പൗരൻമാരുടെ അറിവും അനുഭവ സമ്പത്തും സമൂഹത്തിന്റെ നൻമക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ദേശസാൽകൃത ബാങ്കുകൾ, ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകൾ, കെഎസ്എഫ്ഇ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേന സ്വയം തൊഴിൽ വായ്പ ലഭ്യമാകും. അപേക്ഷിക്കുന്ന പൗരൻമാർക്ക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ നിലവിൽ ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കുന്ന വർഷത്തിലെ ജനുവരി 1 കണക്കാക്കിയാണ് പ്രായപരിധി നിശ്ചയിക്കുക. അപേക്ഷകരുടെ വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയരുത്. യഥാസമയം എംപ്ളോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി കൊണ്ടിരിക്കുന്നവർക്ക് മുൻഗണന ലഭിക്കും. ബാങ്ക് വായ്പയുടെ 25 ശതമാനമാണ് സബ്സിഡി ലഭിക്കുക. പരമാവധി 12,500 രൂപയായിരിക്കും സബ്സിഡി ലഭിക്കുക.
മുതിർന്ന പൗരൻമാർക്ക് സർക്കാർ നൽകുന്ന പുതുവൽസര സമ്മാനമാണ് നവജീവൻ പദ്ധതിയെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. കാറ്ററിംഗ്, പലചരക്ക് കട, വസ്ത്രം-റെഡിമെയ്ഡ് ഷോപ്പ്, കുട നിര്‍മാണം, ഓട്ടോമൊബൈല്‍ സ്പെയര്‍പാര്‍ട്സ് ഷോപ്പ്, മെഴുകുതിരി നിര്‍മ്മാണം, സോപ്പ് നിര്‍മാണം, ഡിടിപി, തയ്യല്‍ കട, ഇന്റര്‍നെറ്റ് കഫേ തുടങ്ങിയ സംരംഭങ്ങളും ആരംഭിക്കാം. ബന്ധപ്പെട്ട എംപ്ളോയ്മെന്റ് വഴി അപേക്ഷകൾ സമർപ്പിക്കണം.
Also Read: മേയറാവാന്‍ 21കാരി; ആര്യാ രാജേന്ദ്രന് അപൂര്‍വ നേട്ടം







































