ന്യൂഡെല്‍ഹി : രാജ്യത്ത് ഉടന്‍ തന്നെ കോവിഡ് വാക്സിനേഷന് അനുമതി നല്കാന് പോകുന്ന സാഹചര്യത്തില്‍ ഇന്ന് നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തും. വാക്സിനേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ എന്തെങ്കിലും വിധത്തിലുള്ള പോരായ്മകള്‍ ഉണ്ടോയെന്നറിയാന്‍ വേണ്ടിയാണ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്സിൻ ശേഖരണം, വാക്സിൻ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ എന്നിവയുടെ ഫലപ്രാപ്തി ഡ്രൈ റണില്‍ പരിശോധിക്കും.
പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളില്‍ വീതമാണ് ഇന്ന് ഡ്രൈ റണ്‍ നടക്കുന്നത്. ഓരോ സംസ്ഥാനത്തെയും രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും പ്രതിദിനം 100 മുതല്‍ 200 പേര്‍ക്കാണ് വാക്സിൻ കുത്തിവെക്കുക എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. യഥാര്‍ഥ വാക്സിന് കുത്തിവെപ്പ് ഒഴികെയുള്ള എല്ലാ കാര്യങ്ങളും ഡ്രൈ റണ്ണില്‍ പരിശോധിക്കും.
ഡ്രൈ റണ്‍ നടത്തിയ ശേഷമുള്ള അന്തിമ ഫലങ്ങള്‍ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും വിലയിരുത്തും. ശേഷമായിരിക്കും വാക്സിനേഷനുമായി ബന്ധപ്പെട്ട തുടര്‍ നടപടികളിലേക്ക് കടക്കുന്നത്.
Read also : പാലക്കാട് ദുരഭിമാനക്കൊല; മുഖ്യ സൂത്രധാരൻ ഹരിതയുടെ മുത്തച്ഛൻ







































