ന്യൂഡെൽഹി: കോവിഡ് വാക്‌സിനുകളുടെ വില ഏകീകരിക്കുന്നതായി സൂചന. സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകുന്ന കോവിഷീല്‍ഡും കോവാക്‌സിനും ഡോസിന് 225 രൂപയാക്കാന്‍ ധാരണയായി. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഭാരത് ബയോടെകിന്റെയും അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവിഷീല്‍ഡിന്റെ വില കുറയ്‌ക്കാന്‍ ധാരണയായി. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു നടത്തിയ ചര്‍ച്ചകളിലാണ് ധാരണ. പുതിയ വില ഉടന്‍ പ്രാബല്യത്തിലാവും. ഒറ്റ ഡോസിന് സ്വകാര്യ ആശുപത്രികളില്‍ നേരത്തെ 600 രൂപ ഈടാക്കിയിരുന്ന സ്‌ഥാനത്ത് ഇനി മുതല്‍ 225 രൂപയാകും വില.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടന്നതായും സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഡ് വാക്‌സിന്റെ വില കുറയ്‌ക്കാന്‍ തീരുമാനിച്ചതായും വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവല ട്വീറ്റില്‍ അറിയിച്ചു.
നിലവിൽ സ്വകാര്യ ആശുപത്രികളില്‍ 1200 രൂപയുണ്ടായിരുന്ന കൊവാക്‌സിന്റെ വില 225 രൂപയായി കുറയ്‌ക്കാന്‍ കമ്പനി തീരുമാനിച്ചതായി ഭാരത് ബയോടെക് സഹസ്‌ഥാപകയായ സുചിത്ര എല്ല അറിയിച്ചു. വിഷയത്തിൽ കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് തീരുമാനം എടുത്തതെന്നും അവര്‍ പറഞ്ഞു.
Read Also: സംസ്‌ഥാനത്ത് രാത്രികാല വാഹന പരിശോധന പുനഃരാരംഭിക്കും