ഭോപ്പാല്‍: സംസ്ഥാനത്തെ ‘ലവ് ജിഹാദ്’ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി മതസ്വാതന്ത്ര്യ ഓര്‍ഡിനന്‍സ് 2020ന് അംഗീകാരം നല്കി മധ്യപ്രദേശ് മന്ത്രിസഭ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്.
ലവ് ജിഹാദുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ പരമാവധി ശിക്ഷ നല്‍കണമെന്ന് പുതിയ ഓര്‍ഡിനന്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ ബില്ലിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഇത്തരം കേസുകളുടെ ജയില്‍ ശിക്ഷ ഇരട്ടിയാക്കി. നേരത്തെ അഞ്ച് വര്‍ഷം തടവ് ശിക്ഷയായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.
രണ്ടോ അതിലധികമോ വ്യക്തികളെ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചാല്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ഈടാക്കുമെന്ന് ചൗഹാന് പറഞ്ഞു.
പുതിയ ഓര്‍ഡിനന്‍സ് പ്രകാരം മതപരിവര്‍ത്തനമായും നിര്‍ബന്ധിത വിവാഹമായും ബന്ധപ്പെട്ട പരാതി ഇരക്കോ മാതാപിതാക്കള്‍ക്കോ കുടുംബത്തിനോ നല്‍കാവുന്നതാണ്. കൂടാതെ അപേക്ഷ സമര്‍പ്പിക്കാതെ മതപരിവര്‍ത്തനം നടത്തുന്ന മതനേതാവിന് 5 വര്‍ഷം വരെ തടവ് ലഭിക്കുമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.
Read Also: വസ്തു എന്റേതെന്ന് തെളിയിക്കും, വിട്ടുകൊടുക്കില്ല; രാജനെതിരെ പരാതി നൽകിയ വസന്ത






































