ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളുടെ താൽക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയിൽ നിന്നും നേരിട്ടുള്ള സർവീസുകൾക്ക് നേരത്തെ ഉണ്ടായിരുന്ന വിലക്ക് തുടരും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ കഴിഞ്ഞ സെപ്റ്റംബറിൽ പുനരാരംഭിച്ചിരുന്നുവെങ്കിലും ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങൾ നിന്നും നേരിട്ടുള്ള സർവീസുകൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയിരുന്നു. കോവിഡ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.
കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രണ്ടാഴ്‌ച മുൻപാണ് വിലക്ക് വീണ്ടും ഏർപ്പെടുത്തിയത്. താൽകാലികമായ വിലക്ക് ഞായറാഴ്‌ച നീക്കിയിരുന്നെങ്കിലും ഇന്ത്യയിൽ നിന്നുള്ള സർവീസുകൾക്ക് വിലക്ക് തുടരുകയാണ്.
വൈറസ് വകഭേദം സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് ഏർപ്പെടുത്തിയ നിബന്ധനകൾ തന്നെയാണ് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വരുന്നവർക്കും ബാധകമാക്കിയത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റയിൻ പൂർത്തിയാക്കിയ ശേഷം കോവിഡ് പിസിആർ പരിശോധന ഫലം ഹാജരാക്കുകയും വേണം. ഇതുപ്രകാരം ദുബായിലും മറ്റുമായി രണ്ടാഴ്‌ചയായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് ഉടനെ സൗദിയിലേക്ക് പ്രവേശിക്കാം.
എന്നാൽ നേരിട്ടുള്ള വിമാന സർവീസുകൾക്ക് ഇനിയും അനുമതി ലഭിക്കാതിരിക്കുന്നത് അവധിയിൽ നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുന്നവരും നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരികെ സൗദിയിൽ പോകാനിരിക്കുന്നവരുമായ പ്രവാസികളെ വീണ്ടും നിരാശരാക്കിയിരിക്കുകയാണ്.
Read also: ലോകത്തെ ഏറ്റവും വിപണി മൂല്യമുളള ഇരുചക്ര വാഹന നിര്‍മാതാവായി ബജാജ് ഓട്ടോ







































