മസ്ക്കറ്റ്: മാലിന്യം കളയുന്നതിനായി കനം കുറഞ്ഞ പ്ളാസ്റ്റിക്ക് ബാഗുകൾ ഉപയോഗിക്കാമെന്ന് ഒമാൻ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക്ക് ബാഗുകൾക്ക് ഏർപ്പെടുത്തിയ വിലക്കിന്റെ ആദ്യഘട്ടത്തിൽ മാലിന്യം കളയാൻ ഉപയോഗിക്കുന്ന തരം പ്ളാസ്റ്റിക്ക് ബാഗുകൾക്ക് ഇളവ് നൽകിയതായി ഒമാൻ പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
കാർഷിക മേഖലയിൽ വിത്തുകൾ മുളപ്പിക്കാൻ ഉപയോഗിക്കുന്ന ബാഗുകൾ, വാണിജ്യ കേന്ദ്രങ്ങളിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കുന്ന ബാഗുകൾ, മീനും ഇറച്ചിയും നൽകാൻ ഉപയോഗിക്കുന്ന ബാഗുകൾ, ബ്രെഡ് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കവറുകൾ തുടങ്ങിയവക്കും ആദ്യഘട്ട വിലക്കിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഒമാൻ പരിസ്ഥിതി അതോറിറ്റി വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.
ഈ ഇളവുകൾ തൽക്കാലത്തേക്ക് മാത്രമാണ്. ഇളവ് നീക്കുന്ന പക്ഷം പ്ളാസ്റ്റിക്ക് ബാഗുകൾക്ക് പകരം പേപ്പർ, കാർഡ്ബോർഡ് അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ബദൽ മാർഗങ്ങൾ ഉപയോഗിക്കാം. കനം കുറഞ്ഞ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക്ക് ബാഗുകളുടെ ഒപ്പം ദ്രവിക്കുമ്പോൾ പരിസ്ഥിതിക്ക് ദോഷം വരുന്ന രാസവസ്തുക്കൾ ഉണ്ടാകുന്ന എല്ലാത്തരം ബാഗുകൾക്കും വിലക്ക് ബാധകമാണെന്ന് അധികൃതർ അറിയിച്ചു. പേപ്പർ കാർട്ടൺ ബാഗുകൾ, കാൻവാസ് ബാഗുകൾ, കോട്ടൺ ബാഗുകൾ, നോൺ വൂവൺ ബാഗുകൾ എന്നിവ ബദലായി ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം വിപണിയിൽ സുലഭമാണെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
Read also: ഇന്ത്യ-യുകെ വിമാന സർവീസുകൾ പുനരാരംഭിച്ചു







































