തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് അടച്ചിട്ടിരുന്ന തീയേറ്ററുകള്‍ ഇളവുകള്‍ ലഭിക്കാതെ തുറക്കേണ്ടെന്ന ഫിലിം ചേംബറിന്റെ നിലപാടിനോട് യോജിച്ച് തീയേറ്റര്‍ ഉടമകള്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തീയേറ്ററുകള്‍ തുറക്കേണ്ടെന്ന നിലപാടിലാണ് ഇപ്പോള്‍ ഫിയോക്. കൂടാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനായി നാളെ മുഖ്യമന്ത്രിയുമായി സിനിമാ സംഘടനകള്‍ കൂടിക്കാഴ്‌ച നടത്തും.
ഈ മാസം 5ആം തീയതി മുതല്‍ തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ തീയേറ്റര്‍ ഉടമകളും സിനിമാ സംഘടനകളും ആവശ്യപ്പെട്ട ഇളവുകള്‍ സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകാതെ തീയേറ്ററുകള്‍ തുറക്കേണ്ടെന്ന നിലപാടിലാണ് ഫിലിം ചേംബര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിയോകിന്റെ ജനറല്‍ ബോഡി യോഗവും ഈ തീരുമാനത്തെ പിന്തുണച്ചു. തുടര്‍ന്ന് ജനുവരി 13ആം തീയതി തമിഴ് ചിത്രം മാസ്‌റ്റര്‍ റിലീസാകുന്നത് പ്രമാണിച്ച് തീയേറ്ററുകള്‍ തുറക്കുമെന്ന തീരുമാനം മാറ്റിയെന്ന് ഫിയോക് പ്രസിഡണ്ട് ആന്റണി പെരുമ്പാവൂര്‍ വ്യക്‌തമാക്കി.
നാളെ മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് തീയേറ്റര്‍ ഉടമകള്‍. കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന തീയേറ്ററുകളിലെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുക, വിനോദ നികുതി പിന്‍വലിക്കുക, സിനിമ മേഖലക്കായി പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സിനിമാ സംഘടനകള്‍ മുന്നോട്ട് വെക്കുന്നത്. കോവിഡ് കാലത്ത് സിനിമാ മേഖല നേരിട്ട പ്രതിസന്ധി മറികടക്കാന്‍ ഇത് അത്യാവശ്യമാണെന്ന് അവര്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : ‘ഇനിയും സമയമുണ്ട്, മുതലാളികളെ വിട്ട് അന്നദാതാക്കളെ പിന്തുണക്കൂ’; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി







































