തിരുവനന്തപുരം: ഏകപക്ഷീയമായി സമിതിയെ നിയോഗിച്ചും കോടതിയിലേക്ക് വലിച്ചിഴച്ചും കർഷകരെ ഇനിയും ദ്രോഹിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിദഗ്‌ധ സമിതിയംഗങ്ങള്‍ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണ്. കര്‍ഷകര്‍ക്ക് സ്വീകാര്യമായ വിദഗ്‌ധസമിതിയാണ് വേണ്ടത്. കര്‍ഷകര്‍ക്കുവേണ്ടി കൊണ്ടുവന്ന നിയമത്തെ കര്‍ഷകര്‍ തന്നെ എതിര്‍ക്കുമ്പോള്‍, ഇതു കര്‍ഷകര്‍ക്കു വേണ്ടിയുള്ള നിയമമല്ലെന്നു വ്യക്‌തമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കനത്ത മഴയിലും മഞ്ഞിലും തണുപ്പിലും സുദീര്‍ഘമായ സഹനസമരം നടത്തി വരുന്ന കര്‍ഷകരെ അഭിവാദ്യം ചെയ്യുന്നു. കര്‍ഷകര്‍ക്ക് ഇത് ജീവൻമരണ പോരാട്ടമാണ്. കര്‍ഷകരോടൊപ്പം അടിയുറച്ചുനിന്ന് കോണ്‍ഗ്രസ് കാര്‍ഷിക കരിനിയമങ്ങള്‍ക്ക് എതിരേയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം, ഡെൽഹി അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ നിന്നുള്ള കർഷക സംഘം മഹാരാഷ്‌ട്ര അതിർത്തിയിൽ എത്തി. കർഷകരുടെ സംഘം കർണാടക-മഹാരാഷ്‌ട്ര ബോർഡറിൽ എത്തിയ വിവരം സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.
കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് നടത്താനിരുന്ന സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടനകൾ വ്യക്‌തമാക്കി. സുപ്രീം കോടതി വിധി പരിശോധിക്കും. നാളെ 12 മണിക്ക് 41 കർഷക സംഘടനകളുടെ സെന്‍ട്രല്‍ കമ്മറ്റി സിംഘുവില്‍ ചേരാനും തീരുമാനമായിട്ടുണ്ട്.
Also Read: ഇന്ത്യയില്‍ സജീവ കോവിഡ് കേസുകള്‍ 2.2 ലക്ഷത്തില്‍ താഴെ മാത്രം; ആരോഗ്യ മന്ത്രാലയം





































