കോഴിക്കോട്: സംസ്‌ഥാനത്ത് ജയിൽ തടവുകാരുടെ വേഷം മാറ്റാൻ തീരുമാനം. പുരുഷൻമാർക്ക് ഇനി ടീ ഷർട്ടും ബർമുഡയുമാണ് വേഷം. സ്‌ത്രീകൾക്ക് ചുരിദാറും അനുവദിക്കും. മുണ്ട് ഉപയോഗിച്ച് ജയിലിൽ തൂങ്ങി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡിജിപി ഋഷിരാജ് സിങ്ങാണ് പുതിയ ആശയം മുന്നോട്ട് വെച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ ഒരു തടവുകാരൻ തൂങ്ങിമരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി നടപ്പാക്കാൻ ഡിജിപി നിർദ്ദേശിച്ചത്.
സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുക. വേഷം ഏത് നിറത്തിലായിരിക്കണം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ആദ്യ ഘട്ടമെന്ന നിലയിൽ കോഴിക്കോട് സബ് ജയിലിലാകും പദ്ധതി നടപ്പാക്കുക.
200 പുരുഷൻമാരും 15 സ്‌ത്രീകളുമാണ് കോഴിക്കോട് സബ് ജയിലിലുള്ളത്. വസ്‌ത്രങ്ങൾ സ്‌പോൺസർ ചെയ്യാൻ താൽപര്യമുള്ള കമ്പനികൾ ജയിൽ അധികൃതരുമായി ബന്ധപ്പെടണം. ഒരാൾക്ക് രണ്ട് ജോഡി വസ്‌ത്രം നൽകാനാണ് ധാരണ.
Also Read: കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ വീട്ടിലും സിബിഐ റെയ്ഡ്; 5 ലക്ഷം രൂപ പിടിച്ചു






































