ന്യൂഡെൽഹി: കാർഷിക നിയമങ്ങളെ ഭൂരിഭാഗം കർഷകരും അനുകൂലിക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. നിയമത്തെ സ്‌റ്റേ ചെയ്‌തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ നടപ്പാക്കാനാവില്ല. അതേസമയം, ജനുവരി 19ന് നടക്കുന്ന ചർച്ചയിൽ കർഷകർ നിയമത്തിലെ വകുപ്പുകൾ ഓരോന്നായി ചർച്ച ചെയ്‌ത് അവരുടെ ആവശ്യങ്ങൾ സർക്കാറിനെ അറിയിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
കർഷകരുടെ പ്രധാന ആശങ്കകളായ മണ്ഡികൾ, വ്യാപാരികളുടെ രജിസ്‌ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ പരിഹരിക്കാൻ തയാറാണെന്ന നിർദേശം സംഘടനകളെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. ഇതിനു പുറമേ കാർഷികാവശിഷ്‌ടങ്ങൾ കത്തിക്കുന്നത് സംബന്ധിച്ചും വൈദ്യുതിയുമായി ബന്ധപ്പെട്ട നിയമങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് സർക്കാർ കർഷരെ അറിയിച്ചിരുന്നു. എന്നാൽ, നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യമെന്ന് മന്ത്രി പറഞ്ഞു.









































