കണ്ണൂർ: ദേശീയ പാതാ വികസനത്തിനായി പാപ്പിനിശേരി തുരുത്തിയിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കണ്ണൂർ ബൈപാസ് അടക്കം തളിപ്പറമ്പ് റീച്ചിലെ നീലേശ്വരം മുതൽ മുഴപ്പിലങ്ങാട് വരെയുള്ള മുഴുവൻ സ്‌ഥലവും ഏറ്റെടുത്തു വിലനിർണയം പൂർത്തിയാക്കി.
തുരുത്തിയിൽ നേരത്തെ സമ്മതപത്രം നൽകാത്തതിനാൽ ഒഴിവായ 8 കുടുംബങ്ങളുടെ വീടും സ്‌ഥലവുമാണ് ഇന്നലെ രാവിലെ അളന്നു തിട്ടപ്പെടുത്തിയത്. സ്‌ഥലം ഏറ്റെടുക്കലിനെതിരെ പ്രതിഷേധിച്ചവർ ഇന്നലെ വലിയ എതിർപ്പില്ലാതെ സർവേ നടപടികളുമായി സഹകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കളക്‌ടർ ടിവി സുഭാഷിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സ്‌ഥലം വിട്ടുനൽകാൻ ഏതാനും കുടുംബങ്ങൾ സമ്മതം അറിയിച്ചിരുന്നു.
തളിപ്പറമ്പ് സ്‌പെഷ്യൽ തഹസിൽദാർ സികെ ഷാജി, കണ്ണൂർ അഡീഷനൽ തഹസിൽദാർ വി രാധാകൃഷ്‌ണൻ, പിപി സുരേഷ്ബാബു, അനീഷ് ബാബു, കൃഷി ഓഫീസർ യു പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്‌ഥർ ഭൂമി ഏറ്റെടുക്കലിനായി സ്‌ഥലത്ത് എത്തിയിരുന്നു. വളപട്ടണം എസ്ഐ കെഡി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ സ്‌ഥലത്തു കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു.
അതേസമയം, കണ്ണൂർ ബൈപാസിന്റെ അശാസ്‌ത്രീയ അലൈൻമെന്റിന് എതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.
Malabar News: വയനാട് മെഡിക്കൽ കോളേജ്; വിദഗ്‌ധ സംഘം സ്‌ഥലങ്ങൾ പരിശോധിച്ചു






































