മലപ്പുറം: പാണ്ടിക്കാടിന് അടുത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 11 മണിയോടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം.
പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയിലാണ് സംഘർഷം നടന്നത്. അടിപിടിയിൽ ലീഗ് പ്രവർത്തകനായ ഹംസക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ സമീറിന് കുത്തേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ ഒറവമ്പുറം സ്വദേശികളായ 3 പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. നിസാം, അബ്‌ദുൽ മജീദ്, മോയിൻ എന്നിവരാണ് കസ്‌റ്റഡിയിലുള്ളത്. കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷങ്ങൾ നിലനിന്നിരുന്നു. മുതിർന്ന നേതാക്കളും പോലീസും ഇടപെട്ടാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്.
അതേസമയം, സമീറിന്റെ മരണം രാഷ്‌ട്രീയ കൊലപാതകമാണെന്നും സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും യുഡിഎഫ് ആരോപിച്ചു. എന്നാൽ, രാഷ്‌ട്രീയ സംഘർഷമല്ലെന്നും രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണെന്നും സിപിഎം വ്യക്‌തമാക്കി.
Read also: രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും








































