ന്യൂഡൽഹി: രാജ്യത്ത് നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുകയറുന്നതായി സിഎംഐഇ (സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി ) റിപ്പോർട്ട്. ജൂലായിൽ 9.15 ശതമാനമായിരുന്ന തൊഴിൽരഹിതരുടെ എണ്ണം ഓഗസ്റ്റ് മാസത്തോടെ 9.85 ശതമാനമായി ഉയർന്നു. നിലവിൽ രാജ്യത്തെ നഗരങ്ങളിൽ പത്തിൽ ഒരാൾ തൊഴിൽ രഹിതനാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഹരിയാനയിലാണ് നഗരങ്ങളിലെ തൊഴിൽരഹിതർ കൂടുതലുള്ളത്. നഗരങ്ങളിൽ കഴിയുന്ന 33.5 ശതമാനം പേർക്കും ജോലിയില്ല എന്നതാണ് അവിടുത്തെ നിലവിലെ സ്ഥിതി. രണ്ടാമത് ത്രിപുരയാണ്, 27.9 ശതമാനം.
കോവിഡ് വ്യാപനത്തിന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും രൂക്ഷമായ കണക്കുകളാണ് ഓഗസ്റ്റിലേത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 8 ശതമാനത്തിനു താഴെയായിരുന്നു തൊഴിലില്ലായ്മ നിരക്ക്. രാജ്യത്തെ ആകെ തൊഴിലില്ലായ്മയും കൂടി വരികയാണ്. കഴിഞ്ഞ മാസം 7.43 ശതമാനമായിരുന്ന ഈ കണക്ക് നിലവിൽ 8.35 ലാണ് എത്തി നിൽക്കുന്നത്. ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങളിലും ഈ മാസം കുറവുണ്ടായി. ജൂലായിൽ 6.66 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റോടെ 7.65 ശതമാനത്തിലെത്തിയിരിക്കുന്നു.
ഇന്ത്യയുടെ ജിഡിപി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടതിന് പിന്നാലെയാണ് ഈ കണക്കുകളും പുറത്തുവരുന്നത്. 23.9 ശതമാനം ഇടിവാണ് ജിഡിപിക്ക് നേരിടേണ്ടി വന്നത്. 2009ലെ മാന്ദ്യകാലത്തു പോലും പിടിച്ചുനിന്ന ഇന്ത്യൻ സമ്പദ് വ്യസ്ഥ വൻ തകർച്ചയുടെ വക്കിലാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.







































