ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 24 മണിക്കൂറിനിടെ 8,635 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 8 മാസത്തിനിടെ ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ 9000ൽ താഴെയാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 13,423 പേർ രോഗമുക്തിയും നേടി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് കേസുകളിൽ അഞ്ച് ആഴ്ചക്കിടെ വ്യക്തമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മാത്രവുമല്ല കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 100 ൽ താഴെ മാത്രമാണ്.
നിലവിൽ 1,63,353 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകളുടെ 1.52 ശതമാനം മാത്രമാണിത്. 1,04,48,406 പേർ ഇതുവരെ രോഗമുക്തി നേടി. 97.05 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത്. കേരളത്തിൽ കഴിഞ്ഞ ദിവസം 3459 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ സംസ്ഥാനത്തു 5,215 പേർ രോഗമുക്തിയും നേടി. അതേസമയം 3,289 പേർ മഹാരാഷ്ട്രയിലും കോവിഡിൽ നിന്നും മുക്തി നേടി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഫെബ്രുവരി 2 രാവിലെ 8 വരെ 39.50 ലക്ഷം (39,50,156) പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,516 സെഷനുകളിലായി 1,91,313 ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകി.
Read Also: ഡെൽഹിയിലേക്കുള്ള ട്രെയിനുകൾക്കും നിയന്ത്രണം; കർഷക സമരത്തെ ചെറുക്കാൻ കേന്ദ്ര നീക്കം







































