തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ ഇന്നലെ നടത്തിയ വിമർശനത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ്. ശംഖുമുഖത്തെ രാഹുലിന്റെ പ്രസംഗം ബിജെപി റിക്രൂട്ട്മെന്റ് ഏജന്റിന്റേതുപോലെ ആണ് എന്നാണ് വിമര്‍ശനം.
യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ ബിജെപിയെ കുറിച്ച് പറയാതിരുന്നത് കേന്ദ്ര നിര്‍ദേശപ്രകാരമാണ്. സംസ്‌ഥാന സര്‍ക്കാരിനെതിരായ രാഹുലിന്റെ ആക്ഷേപങ്ങള്‍ തരംതാണതാണ് എന്നും സിപിഎം ആരോപിച്ചു.
വിദേശ ട്രോളറുകള്‍ക്ക് കടല്‍ തീറെഴുതിക്കൊടുത്തത് കോൺഗ്രസാണ്. ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ ബിജെപിയുടെ അതേ ഭാഷയാണ് രാഹുൽ ഉപയോഗിച്ചത്. ഇത് കോണ്‍ഗ്രസിന്റെ വര്‍ഗീയ വിധേയത്വം കാണിക്കുന്നതാണ്. രാഹുലിന്റെ ഈ മലക്കം മറിച്ചില്‍ ബിജെപിയുമായുള്ള രഹസ്യധാരണയുടെ ഭാഗമാണെന്നും സിപിഎം ആരോപിച്ചു.
ഈ സമീപനമാണ് പല സംസ്‌ഥാനങ്ങളിലേയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ബിജെപിയാകാന്‍ ഉത്തേജനം നല്‍കുന്നത്. യുഡിഎഫിന്റെ ജാഥയില്‍ ബിജെപിക്കെതിരെ ഉരിയാടാതിരുന്നത് യാദൃശ്‌ചികമല്ലെന്നും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും സിപിഎം കുറ്റപ്പെടുത്തി.
ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപനം കുറിച്ച് ശംഖുമുഖം കടപ്പുറത്ത് നടന്ന കോണ്‍ഗ്രസിന്റെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ കടുത്ത ഭാഷയിലാണ് രാഹുൽ വിമർശനം ഉന്നയിച്ചത്.
സിപിഎം കൊടി പിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. എല്‍ഡിഎഫിനൊപ്പം ആണെങ്കില്‍ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കില്‍ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാകില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read: ഇന്ധനവില വർധനവ്; പരോക്ഷ നികുതി കുറക്കണമെന്ന് ആർബിഐ ഗവർണർ







































