നാടകം നിർത്തി രാഷ്‌ട്രീയ പ്രശ്‌നങ്ങളോട് പ്രതികരിക്കൂ; രാഹുലിനോട് തോമസ് ഐസക്

By Desk Reporter, Malabar News
Thomas-Isaac
Thomas Isaac
Ajwa Travels

തിരുവനന്തപുരം: നാടകം കളി നിർത്തി രാഷ്‌ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തന്റേടം കാണിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുന്ന ഒരു എംഎൽഎപോലും ബിജെപിയിൽ ചേരില്ല എന്ന ഉറപ്പ് രാഹുൽ ഗാന്ധി കേരളത്തിനു നൽകുമെന്ന് നല്ലൊരു വിഭാഗം കോൺഗ്രസുകാരും പ്രതീക്ഷിച്ചിരുന്നു. അതിനു മുതിരാതെയാണ് അദ്ദേഹം മടങ്ങിയത്. പുതുച്ചേരിയിലെ അനുഭവം ഇവിടെയുണ്ടാവില്ല എന്ന് രാഹുലിൽ നിന്ന് കേൾക്കാൻ കാത്തിരുന്ന അണികൾ നിരാശരാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പുതുച്ചേരിയിലും മധ്യപ്രദേശിലും കർണാടകത്തിലുമൊക്കെ കോൺഗ്രസിനെ ജനങ്ങൾ വിജയിപ്പിച്ചിരുന്നു. ആ ജനങ്ങളെ നിഷ്‌കരുണം വഞ്ചിച്ചാണ് ജയിച്ചവർ ബിജെപിയിൽ ചേക്കേറിയത്. തങ്ങളുടെ നേതാക്കളും ജനപ്രതിനിധികളും അണികളും കൂട്ടത്തോടെ ബിജെപിയിൽ അഭയം തേടുന്ന രാഷ്‌ട്രീയ സാഹചര്യത്തെ പ്രതിരോധിക്കാൻ എന്തു പരിപാടിയും തന്ത്രവുമാണ് രാഹുലിന്റെ പക്കലുള്ളത്? ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രസക്‌തമായ രാഷ്‌ട്രീയ ചോദ്യം അതാണ്. മറുപടി പറയാൻ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവിന് ബാധ്യതയും കേൾക്കാൻ കേരളത്തിന് അവകാശവുമുണ്ട് എന്നും ഐസക് പറഞ്ഞു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുന്ന ഒരു എംഎൽഎപോലും ബിജെപിയിൽ ചേരില്ല എന്ന ഉറപ്പ് രാഹുൽ ഗാന്ധി കേരളത്തിനു നൽകുമെന്ന് നല്ലൊരു വിഭാഗം കോൺഗ്രസുകാരും പ്രതീക്ഷിച്ചിരുന്നു. അതിനു മുതിരാതെയാണ് അദ്ദേഹം മടങ്ങിയത്. പുതുച്ചേരിയിലെ അനുഭവം ഇവിടെയുണ്ടാവില്ല എന്ന് രാഹുൽജിയിൽ നിന്ന് കേൾക്കാൻ കാത്തിരുന്ന അണികൾ നിശ്‌ചയമായും നിരാശരാണ്. കെപിസിസിയിലുള്ള തന്റെ അവിശ്വാസമാണ് അദ്ദേഹം തങ്ങൾക്കു മുന്നിൽ തുറന്നുവെച്ചത് എന്ന് ചിന്തിച്ചാൽ കുറ്റം പറയാനാവില്ല. എന്തുകൊണ്ടാണ് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് അവരെ നിരാശപ്പെടുത്തിയത്?

പുതുച്ചേരിയിലും മധ്യപ്രദേശിലും കർണാടകത്തിലുമൊക്കെ കോൺഗ്രസിനെ ജനങ്ങൾ വിജയിപ്പിച്ചിരുന്നു. ആ ജനങ്ങളെ നിഷ്‌കരുണം വഞ്ചിച്ചാണ് ജയിച്ചവർ ബിജെപിയിൽ ചേക്കേറിയത്. ഓർക്കുക. സീറ്റു കിട്ടാത്തവരോ, പാളയത്തിലെ പട മൂലം തോറ്റുപോയതിന്റെ വൈരാഗ്യം മൂലമോ ബിജെപിയിൽ ചേരുകയല്ല ഉണ്ടായത്.

തങ്ങളെ ജയിപ്പിച്ച് ഭരണപക്ഷത്തിരുത്തിയ ജനങ്ങളെ വഞ്ചിച്ചാണ് ഈ സംസ്‌ഥാനങ്ങളിലെല്ലാം കോൺഗ്രസ് എംഎൽഎമാർ ബിജെപി ഭരണം സാധ്യമാക്കിയത്. ഈ സ്‌ഥിതി കേരളത്തിനുണ്ടാവില്ല എന്ന് വോട്ടർമാർക്ക് വാക്കു കൊടുക്കാൻ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് കഴിയാതെ പോയത്?

തമിഴ്‌നാട്ടിലെ അനുഭവം നോക്കൂ. കോൺഗ്രസിന് 50 സീറ്റു ചോദിച്ച ഉമ്മൻചാണ്ടിയുടെ ആവശ്യം പുതുച്ചേരിയിലേക്ക് വിരൽ ചൂണ്ടിയാണ് സ്‌റ്റാലിൻ തള്ളിക്കളഞ്ഞത്. വല്ലവിധേയനെയും ജയിച്ചു പോകുന്നവർ ബിജെപിയിൽ ചേക്കേറുമോ എന്ന് ഭയന്ന് മൽസരിക്കാൻ കോൺഗ്രസിന് സീറ്റു തന്നെ നിഷേധിക്കപ്പെടുന്ന സ്‌ഥിതി. പാതാളം തൊട്ടിരിക്കുകയാണ് ആ പാർടിയുടെ വിശ്വാസ്യത. ബിജെപിക്കെതിരെയുള്ള രാഷ്‌ട്രീയ പോരാട്ടത്തിൽ വെള്ളം ചേർക്കാൻ തയ്യാറല്ലാത്ത എല്ലാ പ്രതിപക്ഷ നേതാക്കളും കോൺഗ്രസിനെ അവിശ്വാസത്തോടെ അകറ്റി നിർത്തുന്നു.

കർണാടകത്തിലേക്ക് നോക്കൂ. അവിടെ ഇനിയും 20 എംഎൽഎമാർ ബിജെപിയിലേക്ക് ചാടാനൊരുങ്ങി നിൽക്കുകയാണ് എന്നാണ് വാർത്തകൾ. കോൺഗ്രസ് എംഎൽഎമാരുടെ ആദ്യ റൗണ്ട് ചാട്ടത്തിലാണ് മന്ത്രിസഭ കൈക്കലാക്കിയതും യെദ്യൂരപ്പ മുഖ്യമന്ത്രിയായതും. അവശേഷിക്കുന്ന എംഎൽഎമാരും അത്താണിയായി കാണുന്നത് ബിജെപിയെത്തന്നെ.

തുടർച്ചയായ മൂന്നു വർഷങ്ങളിൽ പ്രധാനപ്പെട്ട മൂന്നു സംസ്ഥാനങ്ങളിൽ ഒരേ പാറ്റേണിലാണ് കോൺഗ്രസിന് അധികാരം നഷ്‌ടമായത്. സ്വന്തം എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേക്കേറിയതു മൂലം. മധ്യപ്രദേശിലും കർണാടകത്തിലും ഏറ്റവുമൊടുവിൽ പുതുച്ചേരിയിലും കണ്ടത് ഒരേ തിരക്കഥയുടെ ആവർത്തനം. ഇവിടെയൊക്കെ നാട്ടുകാരുടെ വോട്ടുവാങ്ങി ജയിച്ച കോൺഗ്രസ് എംഎൽഎമാരാണ് ജനവഞ്ചന കാണിച്ച് ബിജെപിയിൽ ചേക്കേറിയത്. ഭാവിയെ താരങ്ങളെന്ന് കൊട്ടിഘാഷിക്കപ്പെട്ട ജ്യോതിരാജ സിന്ധ്യയും സച്ചിൻ പൈലറ്റുമൊന്നും ഇപ്പോൾ കോൺഗ്രസിലില്ല. കേരളം തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ ഇതല്ലേ രാജ്യത്തെ കോൺഗ്രസിന്റെ അവസ്‌ഥ?

തങ്ങളുടെ നേതാക്കളും ജനപ്രതിനിധികളും അണികളും കൂട്ടത്തോടെ ബിജെപിയിൽ അഭയം തേടുന്ന രാഷ്‌ട്രീയ സാഹചര്യത്തെ പ്രതിരോധിക്കാൻ എന്തു പരിപാടിയും തന്ത്രവുമാണ് രാഹുൽജിയുടെ പക്കലുള്ളത്? ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രസക്‌തമായ രാഷ്‌ട്രീയ ചോദ്യം അതാണ്. മറുപടി പറയാൻ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവിന് ബാധ്യതയും കേൾക്കാൻ കേരളത്തിന് അവകാശവുമുണ്ട്.
അതുകൊണ്ട് നാടകം കളി നിർത്തി ഈ രാഷ്‌ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി തന്റേടം കാണിക്കണം. യഥാർഥ പോസ്‌റ്റ് ഇവിടെ വായിക്കാം

Also Read:  കൊല്ലം ബൈപ്പാസ് ടോൾ പിരിവ്; മര്യാദ കാണിച്ചില്ലെന്ന് ജി സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE