കോഴിക്കോട് : ജില്ലയുടെ പല ഭാഗങ്ങളിലെയും ഹോട്ടലുകളിലും, തട്ടുകടകളിലും, ജ്യൂസ് കടകളിലും ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതായി പരാതി ഉയരുന്നു. ഇവിടങ്ങളിലെല്ലാം വൃത്തിയാക്കാത്ത ജലസംഭരണികളിൽ നിന്നും ജലം എടുത്ത് ആഹാരവും മറ്റും ഉണ്ടാക്കുന്നതാണ് പ്രശ്‌നം. ഹോട്ടലുകളിൽ ഭക്ഷണ പദാർഥങ്ങൾ പതിവായി പരിശോധിക്കുന്ന ആരോഗ്യ വിഭാഗം ജീവനക്കാരും ജലസംഭരണിയുടെ വൃത്തി പരിശോധിക്കാറില്ലെന്നതാണ് സത്യം.
ഹോട്ടലുകളിലും, തട്ടുകടകളിലും ഒക്കെ ഉപയോഗിക്കുന്ന ജലസംഭരണികൾ കൃത്യമായ ഇടവേളകളിൽ കഴുകാത്തതും, അടപ്പില്ലാത്ത ജലസംഭരണികളിൽ മാലിന്യം നിറയുന്നത് പതിവാകുന്നതുമാണ് ശുദ്ധമല്ലാത്ത ജലം മിക്കയിടങ്ങളിലും ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണം. ഹോട്ടലുകളുടെ ലൈസൻസ് പുതുക്കുന്ന സമയങ്ങളിൽ ജലസംഭരണികളിലെ ജലം വൃത്തിയുള്ളതാണോ എന്ന് പരിശോധിക്കുന്നുണ്ടെന്നാണ് നഗരസഭാ അധികൃതർ വ്യക്‌തമാക്കുന്നത്. എന്നാൽ ഇവ മിക്ക സ്‌ഥലങ്ങളിലും കൃത്യമായി നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം.
ഹോട്ടലുകളിൽ പാത്രം കഴുകാൻ പോലും ശുദ്ധജലം ഉപയോഗിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ആ സ്‌ഥാനത്താണ് ഭക്ഷണ പദാർഥങ്ങൾ ഉണ്ടാക്കാൻ പോലും മിക്കയിടങ്ങളിലും വൃത്തിയില്ലാത്ത ജലം ഉപയോഗിക്കുന്നത്. ഹോട്ടലുകളിൽ ജലം ലഭിക്കാത്ത സാഹചര്യങ്ങളിൽ ലോറികളിൽ മറ്റിടങ്ങളിൽ നിന്നും ജലമെത്തിക്കുന്നതും സാധാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ കിണറ്റിലെ വെള്ളം ശുദ്ധമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണമെന്ന് നിയമം ഉണ്ടെങ്കിലും ഇതൊന്നും ആരും പാലിക്കാറില്ല.
Read also : വാഹനം പൊളിക്കൽ നയം; തുറമുഖങ്ങളോട് ചേർന്ന് റീസൈക്കിളിംഗ് യൂണിറ്റുകൾ തുടങ്ങും








































