പാലക്കാട്: യാത്രക്കായി തുറന്നു കൊടുത്ത മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപാലത്തിൽ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധം. വിദഗ്ധ സംഘത്തിന്റെ പരിശോധന ഇല്ലാതെയാണു പാലം തുറന്നു കൊടുത്തതെന്ന് വടക്കഞ്ചേരി ജനകീയവേദി ആരോപിച്ചു.
മേൽപാലത്തിന്റെ ഇരുഭാഗത്തും സംരക്ഷണ ഭിത്തി കെട്ടിയെങ്കിലും പലയിടത്തും പണി പൂർത്തിയാക്കാതെ ഇട്ടിരിക്കുകയാണ്. നടപ്പാതയുടെ നിർമാണവും പൂർത്തിയായിട്ടില്ല. വഴിവിളക്കുകൾ സ്ഥാപിക്കാത്തതിനാൽ രാത്രിയിൽ പാലം ഇരുട്ടിലാണ്. പാലത്തിനടിയിൽ സാമൂഹിക വിരുദ്ധരുടെ ശല്യവുമുണ്ട് എന്നും ജനകീയവേദി പറഞ്ഞു.
കൂടാതെ, മേൽപാലം ആരംഭിക്കുന്നിടത്തോ അവസാനിക്കുന്ന സ്ഥലത്തോ സൈൻ ബോർഡുകളോ സിഗ്നൽ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. ഡയാന ജംക്ഷനിൽ സർവീസ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടമുണ്ടാക്കുന്നു. ഇവിടെ സിഗ്നൽ ലൈറ്റ് പോലും സ്ഥാപിച്ചിട്ടില്ല. പാലത്തിലൂടെയുള്ള ഗതാഗത ക്രമീകരണങ്ങൾക്ക് പോലീസ് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നും പരാതിയുണ്ട്.
ഉൽഘാടന ദിവസം തന്നെ ദിശതെറ്റി വന്ന 2 യുവാക്കൾ മേൽപാലത്തിന് മുകളിൽ ലോറി ഇടിച്ച് മരിച്ചിരുന്നു. വടക്കഞ്ചേരി മേൽപാലത്തിന്റെ സുരക്ഷ പരിശോധിക്കാൻ ദേശീയപാത അതോറിറ്റി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് വടക്കഞ്ചേരി ജനകീയവേദിയുടെ യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ ജിജോ അറയ്ക്കൽ, ഡോ. കെ വാസുദേവൻ പിള്ള, സുരേഷ് വേലായുധൻ, മോഹനൻ പള്ളിക്കാട്, സികെ അച്യൂതൻ, ഷിബു ജോൺ, സലിം തണ്ടലോട്, സിസി സുരേന്ദ്രൻ, വിഎസ് അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
Malabar News: തുടർഭരണം ജനങ്ങളുടെ ആഗ്രഹം, കണ്ണൂരിൽ മുഴുവൻ സീറ്റും എൽഡിഎഫ് നേടും; എംവി ജയരാജൻ







































