തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളി കോൺഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്. ആരൊക്കെ പോയാലും താൻ അവസാനം വരെ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് ശരത്ചന്ദ്ര പ്രസാദ് വ്യക്‌തമാക്കി.
തന്റെ ചോര കോൺഗ്രസിന് വേണ്ടിയുള്ളതാണ്. മറിച്ചുള്ള പ്രചാരണങ്ങൾ നടത്തുന്നവർക്ക് ദൈവം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ സീറ്റ് കിട്ടിയില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
28 വർഷമായി കെപിസിസി ഭാരവാഹിയാണ്. ഇപ്പോൾ നടന്നത് തന്നെ അപമാനിക്കാനുള്ള ശ്രമമാണ്. തന്റെ നേതാവിന്റെ ഓഫീസിലെ ഒരാൾ അവന് വേണ്ടപ്പെട്ട ഒരാളെ സ്‌ഥാനാർഥിയാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ദുഷ്‌പ്രചാരണം നടത്തിയത്. ഇതിനുള്ള പ്രതിവിധി പിന്നീടുണ്ടാകുമെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
താൻ കോൺഗ്രസല്ലെന്ന് പറയാൻ ഇന്ന് കോൺഗ്രസ് പാർട്ടിയിൽ ആരും തന്നെയില്ല. ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കൻമാരെ കണ്ട് കോൺഗ്രസായ ആളല്ല താൻ. മഹാത്‌മാ ഗാന്ധി തന്റെ വികാരമാണ്. ഇന്ദിരാഗാന്ധി പ്രചോദനവും കെ കരുണാകരൻ രാഷ്‌ട്രീയ ഗുരുവുമാണ്. തന്റെ ഹൃദയത്തിലുള്ളത് അവരുടെ ചിന്തകളാണ്. ആര് പോയാലും അവസാനം വരെ തന്റെ ചോര ജീവൻ തുടിക്കുന്ന കോൺഗ്രസാണ്. ശരീരത്തിൽ വാരിക്കുന്തം കുത്തിയിറക്കിയപ്പോഴും ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കെഎസ്‌യു സിന്ദാബാദ്’ എന്നാണെന്നും ശരത്ചന്ദ്ര പ്രസാദ് കൂട്ടിച്ചേർത്തു.
Also Read: കൊല്ലം സീറ്റിൽ ബിന്ദു കൃഷ്‌ണ തന്നെ; പ്രഖ്യാപനം ഉടനെന്ന് റിപ്പോർട്







































