തിരുവനന്തപുരം: രാജി വെക്കാനുള്ള തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് കെപിസിസി സെക്രട്ടറി രമണി പി നായർ വ്യക്‌തമാക്കി. വാർഡുതലം മുതൽ സംസ്‌ഥാനതലം വരെയുള്ള നേതാക്കൾ തനിക്കൊപ്പം രാജിവെക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇറങ്ങാണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും എന്നും രമണി പറഞ്ഞു. സ്‌ഥാനാർഥി പട്ടികയില്‍ നിന്നും തന്റെ പേര് വെട്ടിയത് രമേശ് ചെന്നിത്തലയാണെന്നും രമണി പി നായര്‍ ആരോപിച്ചു.
കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക വന്നതിന് പിന്നാലെയാണ് കെപിസിസി സെക്രട്ടറി രമണി പി നായര്‍ രാജി പ്രഖ്യാപിച്ചത്. വാമനപുരത്തെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി തീരുമാനം.
സ്‌ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ സംസ്‌ഥാന കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ്, പത്തനംതിട്ട മുൻ ഡിസിസി പ്രസിഡണ്ട് മോഹൻരാജ്‍, കർഷക കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ലാൽ കല്‍പകവാടി എന്നിവർ ഇന്നലെ രാജിവച്ചു. ആറൻമുളയിൽ പ്രതീക്ഷിച്ച സീറ്റ് ഇല്ലെന്നറിഞ്ഞതോടെ പൊട്ടക്കരഞ്ഞായിരുന്നു മുൻ ഡിസിസി പ്രസിഡണ്ട് മോഹൻരാജിന്റെ പ്രതികരണം.
അതേസമയം, സ്‌ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വൈകാരികമായ മാദ്ധ്യമങ്ങളോട് സംസാരിച്ച ലതികാ സുഭാഷ്, മാദ്ധ്യമങ്ങളെ സാക്ഷിയാക്കി തലമുണ്ഡനം ചെയ്‌തു പ്രതിഷേധിച്ചു. പാർട്ടി ആസ്‌ഥാനമായ ഇന്ദിരാഭവന് മുന്നിൽ വെച്ചാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്‌തത്. വനിതകളും വ്യക്‌തികളാണെന്നും യുവാക്കളെ പോലെ അവരേയും പരിഗണിക്കണമെന്നും പറഞ്ഞ ലതിക, താൻ തിരുത്തൽ ശക്‌തിയായി തുടരുമെന്നും പ്രഖ്യാപിച്ചു.
കോൺഗ്രസ് ഇനിയൊരു സീറ്റ് നൽകിയാൽ ഇത്തവണ മൽസരിക്കില്ലെന്നും ലതികാ സുഭാഷ് വ്യക്‌തമാക്കി. തനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ല, ഭാവി പരിപാടികൾ എന്താണ് എന്നത് സംബന്ധിച്ച നിർണായക തീരുമാനം ഇന്നുണ്ടാകുമെന്നും ലതിക പറഞ്ഞു.
Also Read: മാനന്തവാടിയിൽ ബിജെപി പ്രഖ്യാപിച്ച സ്‌ഥാനാർഥി പിൻമാറി








































