കോട്ടയം: സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ലതികാ സുഭാഷിന്റെ രാജി ചർച്ചയായതോടെ അനുനയ നീക്കവുമായി യുഡിഎഫ് നേതൃത്വം. ഏറ്റുമാനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി പ്രിന്‍സ് ലൂക്കോസും കോട്ടയത്തെ യുഡിഎഫ് നേതാക്കളും ലതിക സുഭാഷിന്റെ വീട്ടിലെത്തി. ലതിക സുഭാഷിന്റെ കാല്‍ തൊട്ട് നമസ്‌കരിച്ചാണ് പ്രിന്‍സ് ലൂക്കോസ് വീടിനകത്തേക്ക് കയറിയത്.
യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കരുതെന്ന പ്രിൻസിന്റെ അഭ്യർഥനയോട് വൈകിപ്പോയി എന്നായിരുന്നു ലതികയുടെ മറുപടി.
പ്രിന്‍സിനോട് തനിക്ക് എതിര്‍പ്പൊന്നുമില്ല. തന്റെ സഹോദരനായാണ് കാണുന്നത്. പക്ഷെ യുഡിഎഫില്‍ നിന്നും നേരിട്ട അവഗണനയുടെ ഫലമായാണ് ഇപ്പോള്‍ താന്‍ മുന്നോട്ട് പോകുന്നത്. തന്നോട് ക്ഷമിക്കണമെന്നുമാണ് ലതിക സുഭാഷ് പറഞ്ഞത്. പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുന്ന കാര്യങ്ങള്‍ വൈകിട്ട് തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് സ്‌ഥാനാർഥി പട്ടികയില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെച്ച് കെപിസിസി ആസ്‌ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചത്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്‍ത്രീകളെ അവഗണിച്ചതിനെ തുടർന്നാണ് തന്റെ രാജിയെന്ന് ലതികാ സുഭാഷ് മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു.
Read also: പ്രതിഷേധിക്കേണ്ട സാഹചര്യമുള്ള പട്ടികയല്ല; ലതികാ സുഭാഷിനെ തള്ളി രമ്യാ ഹരിദാസ്