തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ രൂക്ഷമായി വിമര്‍ശിച്ച കെ സുധാകരന് എംപിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെപ്പെന്ന് ആയിരുന്നു സുധാകരന്റെ വിമര്‍ശനം. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക വിപ്ളവം ആണെന്ന് ചെന്നിത്തല പ്രതികരിച്ചു.
‘ഇത്തവണത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വിപ്ളവമാണ്. സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതില്‍ ഗ്രൂപ്പ് പരിഗണനകള്‍ ഉണ്ടായിട്ടില്ല’; ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ സുധാകരന് കോണ്‍ഗ്രസിന്റെ പ്രധാന നേതാവാണെന്നും ഏതു സാഹചര്യത്തിലാണ് വിമര്‍ശനം നടത്തിയതെന്ന് അറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്ഥാനാർഥി പട്ടികയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി തങ്ങളുടെ ഇഷ്ടക്കാരെ തിരുകി കയറ്റി എന്നായിരുന്നു കെ സുധാകരൻ എംപിയുടെ പ്രധാന ആരോപണം. സ്ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും സുധാകരൻ പറഞ്ഞിരുന്നു. ഹൈക്കമാൻഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചതായും എംപി ആരോപിച്ചു.
ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയ സുധാകരൻ തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും ആരോപണം ഉന്നയിച്ചിരുന്നു.
Read Also: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി







































