മാനന്തവാടി: വീടുകൾ കയറിയും വോട്ടർമാരെ നേരിൽ കണ്ടും മാനന്തവാടിയിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. എൽഡിഎഫ് സ്‌ഥാനാർഥി ഒആർ കേളു തന്റെ രണ്ടാംഘട്ട പ്രചാരണത്തിലാണ്. യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മി ഗൃഹസന്ദർശനം പൂർത്തിയാക്കി.
ഗ്രാമങ്ങൾ ലക്ഷ്യമിട്ടാണ് കേളുവിന്റെ പ്രചാരണം. തോട്ടം മേഖലക്കും കാർഷിക മേഖലക്കുമാണ് രണ്ടാം ഘട്ടത്തിൽ മുൻഗണന നൽകിയിരിക്കുന്നത്. തൊഴിലാളികളെയും കർഷകരെയും നേരിൽ കണ്ട് വോട്ട് ചോദിക്കുകയാണ് കേളു. ചിറക്കര, ബോയ്‌സ് ടൗൺ, യവനാറുകുളം, തലപ്പുഴ, വാളാട് തുടങ്ങിയ സ്‌ഥലങ്ങളിൽ വോട്ട് ചോദിച്ചു. രണ്ടാം ഘട്ട പ്രചാരണത്തിനൊപ്പം തന്നെ എൽഡിഎഫിന്റെ സ്‌ഥാനാർഥി പര്യടനവും ഇന്ന് തുടങ്ങും.
മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നൽകും. ചൊവ്വാഴ്‌ച വരെയാണ് ആദ്യഘട്ട പര്യടനം നടക്കുക. പ്രചാരണ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. ടൗണുകൾ കേന്ദ്രീകരിച്ചായിരുന്നു ഒആർ കേളുവിന്റെ ആദ്യഘട്ട പ്രചാരണം.
Also Read: മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബിജെപിക്കെന്ന് കെ സുരേന്ദ്രൻ







































