കോഴിക്കോട് : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച പോളിംഗ് ഡ്യൂട്ടി ഉദ്യോഗസ്‌ഥരെ വലക്കുന്നതായി പരാതി. യാത്രാസൗകര്യങ്ങൾ പോലും പരിഗണിക്കാതെ ദൂര സ്‌ഥലങ്ങളിലാണ് മിക്ക ജീവനക്കാർക്കും ഡ്യൂട്ടി നൽകിയിരിക്കുന്നത്. നാദാപുരം, കുറ്റ്യാടി, വടകര എന്നീ മണ്ഡലങ്ങളിലെ ജീവനക്കാർക്ക് തിരുവമ്പാടി, കൊടുവള്ളി, ബേപ്പൂർ തുടങ്ങി ഏറെ ദൂരെയുള്ള മണ്ഡലങ്ങളിലും, അവിടെയുള്ളവർക്ക് തിരിച്ചുമാണ് ഡ്യൂട്ടി നൽകിയിരിക്കുന്നത്.
ദൂര സ്‌ഥലങ്ങളിൽ ഡ്യൂട്ടി നൽകിയിരിക്കുന്നതിനാൽ തന്നെ മിക്ക ഉദ്യോഗസ്‌ഥർക്കും കൃത്യസമയത്ത് എത്തിച്ചേരുന്നതിനായി നല്ല കഷ്‌ടപ്പാട് തന്നെ നേരിടേണ്ടി വരും. വോട്ടെടുപ്പിന്റെ തലേ ദിവസം വിതരണ കേന്ദ്രത്തിൽ എത്തിച്ചേരുന്നതിനും, വോട്ടെടുപ്പ് കഴിഞ്ഞ ശേഷം വിതരണ കേന്ദ്രത്തിൽ പോളിംഗ് സാമഗ്രികൾ തിരിച്ചേൽപ്പിക്കുന്നതിനും ഉദ്യോഗസ്‌ഥർ വളരെയധികം ദൂരം യാത്ര ചെയ്യണം.
സ്വന്തമായി വാഹനങ്ങൾ ഇല്ലാത്ത ഉദ്യോഗസ്‌ഥർ ആയിരിക്കും ഏറെ ബുദ്ധിമുട്ട് നേരിടുക. കൃത്യസമയത്ത് ഇത്രയും ദൂരം യാത്ര ചെയ്‌ത് എത്തുന്നതിന് അവർ വളരെയധികം പ്രയാസപ്പെടുക തന്നെ ചെയ്യും. കൂടാതെ വനിതകൾക്കും ദൂര സ്‌ഥലങ്ങളിൽ ഡ്യൂട്ടി നൽകിയിരിക്കുന്നത് മാനസിക പിരിമുറുക്കത്തിന് കാരണമാകുന്നതായി പരാതി ഉയരുന്നുണ്ട്.
Read also : പാലാ നഗരസഭയില്‍ സിപിഎം-കേരളാ കോണ്‍ഗ്രസ് കയ്യാങ്കളി







































