വാളയാർ: തിരഞ്ഞെടുപ്പ് കാലത്തിന് ശേഷം വീണ്ടും പാലക്കാടൻ അതിർത്തി വഴി കുഴൽപ്പണവും ലഹരിയും സംസ്ഥാനത്തേക്ക് ഒഴുകുന്നു. ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒരു കോടി പത്തുലക്ഷം രൂപയുടെ കുഴൽപ്പണവും ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ മയക്കുമരുന്നും പിടികൂടി.
വ്യത്യസ്ത സംഭവങ്ങളിൽ ആന്ധ്രാ സ്വദേശി ഉൾപ്പെടെ മൂന്നുപേരെയാണ് എക്സൈസ് പിടികൂടിയത്. മിന്നൽ പരിശോധനയിലാണ് രാവിലെ 100 ഗ്രാം മെത്തഫിറ്റമിൻ എന്ന ലഹരി പദാർഥം പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച തൃശൂർ സ്വദേശി ഷിഫാസിനെയും പിടികൂടി.
വിപണിയിൽ ഒരുകോടി രൂപവരെ പിടിച്ചെടുത്ത ലഹരിമരുന്നിന് വിലയുണ്ട്. നേരത്തെയും ഷിഫാസ് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥിരമായി കുഴൽപ്പണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് രണ്ടു സംഭവങ്ങളിലായി പിടിയിലായത്.
ബൈക്കിലെ രഹസ്യ അറയിൽ ഒളിപ്പിച്ച അറുപതു ലക്ഷം രൂപ കടത്തിയ പെരിന്തൽ മണ്ണ സ്വദേശി മുഹമ്മദ് യാസീൻ, ആന്ധ്ര്യയിൽ നിന്ന് കൊച്ചിയിലേക്ക് 50 ലക്ഷം രൂപ കടത്താൻ ശ്രമിച്ച ആന്ധ്ര സ്വദേശി വിജയകുമാർ എന്നിവരും എക്സൈസ് പ്രത്യേക സംഘത്തിന്റെ പിടിയിലായി.
അതിർത്തി കടന്നുവന്ന സ്വകാര്യ ബസിലാണ് ആന്ധ്രയിൽ നിന്നുളള കുഴൽപ്പണം എത്തിയത്. ആഴ്ചയിൽ രണ്ടു തവണ വീതം സമാന രീതിയിൽ കുഴൽപ്പണം ഒഴുകുന്നുണ്ടെന്നാണ് എക്സൈസ് സംഘത്തിന് കിട്ടിയ വിവരം. മയക്കുമരുന്ന് ലോബിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും പരിശോധന ഊർജ്ജിതമാക്കിയെന്നും എക്സൈസ് കമ്മീഷണർ അറിയിച്ചു.
National News: രണ്ടാം പോരാട്ടം ഇന്ന് മുതൽ; വാക്സിനെടുക്കുക, എടുപ്പിക്കുക; പ്രധാനമന്ത്രി






































