കോഴിക്കോട്: ഗതാഗതക്കുരുക്കിൽ നിന്ന് മോചനം ലഭിക്കാതെ കൊയിലാണ്ടി. നഗര സൗന്ദര്യവൽക്കരണ പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് എന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ ഈ പ്രവൃത്തി പൂർത്തിയായിട്ടും ഗതാഗതക്കുരുക്കിന് ഇതുവരെ പരിഹാരം ആയിട്ടില്ല.
കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇന്നലെ രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രിയിലും തുടർന്നു. വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു നഗരത്തിൽ കണ്ടത്. അതിനിടയിൽ ആംബുലൻസുകളും അഗ്‌നിരക്ഷാ വാഹനങ്ങളും ഉണ്ടായിരുന്നു.
10 മിനിറ്റ് കൊണ്ട് കടന്നുപോകേണ്ട സ്‌ഥലത്ത് വാഹനങ്ങൾ 1 മണിക്കൂറിലധികം കുടുങ്ങി കിടന്നതോടെ യാത്രക്കാരും വലഞ്ഞു. പോലീസ് ഏറെ പണിപ്പെട്ടിട്ടും ഗതാഗതക്കുരുക്ക് അഴിക്കാനായില്ല. അവധി ദിനമായതിനാൽ കൂടുതൽ സ്വകാര്യ വാഹനങ്ങൾ റോഡിലിറങ്ങുന്നുണ്ട്. എസ്എസ്എൽസി, പ്ളസ് ടു പരീക്ഷക്കാലത്ത് വിദ്യാർഥികൾ സമയത്ത് പരീക്ഷ ഹാളിലെത്താൻ പ്രയാസപ്പെടുകയാണ്.
ആനക്കുളം, കൊല്ലം നെല്ല്യാടി റോഡ് റെയിൽവേ ഗേറ്റുകൾ ഒന്നിച്ച് തുറക്കുന്നതും അടയ്‌ക്കുന്നതും ദേശീയപാതയിലെ തിരക്കിനെ ബാധിക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ പോക്കറ്റ് റോഡുകളിൽ നിന്നുള്ള വാഹന പ്രവേശനവും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. കാര്യക്ഷമമായ ട്രാഫിക്ക് സിഗ്‌നൽ സംവിധാനമോ, പാർക്കിങ് സൗകര്യമോ കൊയിലാണ്ടിയിലില്ല.
പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ സ്‌ഥാനം പിടിക്കുന്ന ഒന്നാണ് കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം. എന്നാൽ ഇപ്പോഴും ഇവ വാഗ്‌ദാനങ്ങൾ മാത്രമായി തുടരുകയാണ്.
Malabar News: വാളയാർ ചെക്പോസ്‌റ്റിൽ പരിശോധന; കുഴൽപ്പണവും ലക്ഷങ്ങളുടെ മയക്കുമരുന്നും പിടികൂടി






































