ന്യൂഡെൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധന. രാജ്യത്ത് കോവിഡ് കേസുകൾ 10 ദിവസത്തിനിടെ ഇരട്ടിയിലധികമായി. 24 മണിക്കൂറിനിടെ 1,99,620 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട് ചെയ്തത്.
10 ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ലക്ഷം കടന്നത്. കഴിഞ്ഞ ദിവസവും രാജ്യത്ത് മരണസംഖ്യ 1,000 കവിഞ്ഞു. 1,038 മരണങ്ങളാണ് ബുധനാഴ്‌ച രേഖപ്പെടുത്തിയത്. ഒക്ടോബർ രണ്ടിന് ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണിത്.
മഹാരാഷ്ട്രക്ക് പിന്നാലെ ഉത്തർപ്രദേശിലും കോവിഡ് പിടിമുറുക്കി. യുപിയിൽ 20,510ഉം മഹാരാഷ്‌ട്രയിൽ 58,952ഉം കേസുകളാണ് പുതുതായി രേഖപ്പെടുത്തിയത്. അതേസമയം. കുംഭമേളയിൽ പങ്കെടുത്ത മതനേതാക്കളടക്കം നൂറുകണക്കിന് ആളുകൾക്ക് കോവിഡ് പോസിറ്റീവ് ആയി. ചൊവ്വാഴ്‌ച ശേഖരിച്ച 20000 സാമ്പിളുകളില്‍ 110 പേര്‍ കോവിഡ് പോസിറ്റീവായെന്നാണ് കുംഭമേളയുടെ കോവിഡ് ടെസ്‌റ്റിങ് സെല്‍ നൽകുന്ന വിവരം.
ഹരിദ്വാറില്‍ വച്ച് നടന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഭാഗമായത്. രണ്ട് മാസത്തോളം നീളുന്ന മേളയുടെ ഭാഗമായി 30 ലക്ഷത്തിലധികം പേര്‍ ഗംഗാസ്‌നാനം ചെയ്‌തുവെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. നിലവിലെ സാഹചര്യത്തിൽ കുംഭമേള നടത്തരുതെന്ന് ആരോഗ്യ വിദഗ്‌ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ, ഇതൊന്നും വകവെക്കാതെ അടിസ്‌ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് ചടങ്ങുകൾ നടന്നത്.
ഗംഗാ മാതാവിന്റെ അനുഗ്രഹത്താല്‍ കോവിഡ് ഉണ്ടാവില്ലെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് കഴിഞ്ഞ ദിവസം എഎന്‍ഐയോട് പ്രതികരിച്ചത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമായിരുന്നു കുംഭമേളയിലേക്ക് പ്രവേശനം. എന്നാല്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ അധികൃതർക്ക് സാധിച്ചില്ലെന്നാണ് ബിബിസി റിപ്പോര്‍ട്.
Also Read: വാക്‌സിൻ എടുക്കാത്തവർക്ക് റേഷനില്ല; മുന്നറിയിപ്പുമായി ലക്ഷദ്വീപ്







































