മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിത്തന്ന കാർക്കൂന്തലിനോട് ഒടുവിൽ വിടപറഞ്ഞ് നീലാൻഷി പട്ടേൽ. 12 വർഷത്തിന് ശേഷം നിലാൻഷി മുടി വെട്ടി. 18 കാരിയായ നീലാൻഷി ഗുജറാത്ത് സ്വദേശിനിയാണ്. ഏറ്റവും നീളമുള്ള തലമുടിയുള്ള കൗമാരക്കാരി എന്ന റെക്കോർഡ് 2018 നവംബറിലാണ് നിലാൻഷിയുടെ പേരിലാകുന്നത്. അന്ന് 170.5 സെന്റിമീറ്റർ ആയിരുന്നു മുടിയുടെ നീളം. 2019 സെപ്റ്റംബറിൽ 190 സെന്റിമീറ്റർ ആയി ആ റെക്കോർഡ‍് ഉയർന്നു. 2020ൽ ആ റെക്കോർഡ് 200 സെന്റിമീറ്റർ ആയി ഉയർത്തി.
എന്നാൽ, തന്റെ നീണ്ട മുടിയോട് വിട പറയാൻ സമയമായി എന്ന് ഇപ്പോൾ നിലാൻഷി തീരുമാനിച്ചു. “ഞാൻ വളരെ ആവേശത്തിലും അൽപ്പം അസ്വസ്‌ഥതയിലുമാണ്, കാരണം പുതിയ ഹെയർസ്‌റ്റൈലിൽ എന്റെ ബാഹ്യരൂപം എങ്ങനെ ആയിരിക്കുമെന്ന് എനിക്കറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം, പക്ഷേ ഇത് അതിശയകരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”- ഹെയർകട്ടിന് തൊട്ടുമുമ്പ് നിലാൻഷി പറഞ്ഞു.
ആറാമത്തെ വയസിലാണ് അവസാനമായി നിലാൻഷി മുടി വെട്ടിച്ചത്. അന്ന് സലൂണിൽ നിന്ന് പ്രതീക്ഷിച്ചതു പോലെയുള്ള ഹെയർകട്ട് അല്ല ലഭിച്ചതെന്നും അതുകൊണ്ട് ഇനി മുടി മുറിക്കേണ്ടതില്ലെന്ന് തീരുമാനിക്കുക ആയിരുന്നുവെന്നും നിലാൻഷി പറഞ്ഞു.
പിന്നീട് മുടി നീട്ടി വളർത്തിയ നിലാൻഷി തന്റെ മുടി മുറിക്കാൻ തയ്യാറാവുക ആയിരുന്നു. മുറിച്ചു മാറ്റുന്ന മുടി എന്ത് ചെയ്യണമെന്ന ചോദ്യമാണ് നിലാൻഷിയുടെ മുന്നിൽ ഉണ്ടായിരുന്നത്. ഒന്നുകിൽ മുടി ലേലത്തിൽ വയ്‌ക്കാം, അല്ലെങ്കിൽ ക്യാൻസർ രോഗികൾക്കായി സംഭാവന നൽകാം, അതുമല്ലെങ്കിൽ മ്യൂസിയത്തിന് നൽകാം. ഈ മൂന്ന് നിർദേശങ്ങൾ വന്നതിനെ തുടർന്ന് അമ്മയുമായി കൂടിയാലോചിച്ച ശേഷം മുടി മ്യൂസിയത്തിലേക്ക് നൽകാനാണ് നിലാൻഷിതീരുമാനിച്ചത്.
മറ്റുള്ളവർക്ക് പ്രചോദനമാകാൻ മുടി മ്യൂസിയത്തിന് നൽകണമെന്നാണ് അമ്മ നിലാൻഷിയോട് പറഞ്ഞത്. നിലാൻഷിക്കൊപ്പം മുടി മുറിച്ച അമ്മ ക്യാൻസർ രോഗികൾക്കായി ഇത് ദാനം ചെയ്‌തു.
Also Read: അലസാന്ദ്ര ഗല്ലോനി; റോയിട്ടേഴ്‌സിന്റെ തലപ്പത്തെ ആദ്യ വനിത







































