കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വ്യക്‌തമാക്കി വിജിലൻസ്. ഇന്ന് നാലേകാൽ മണിക്കൂറാണ് കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്‌തത്. എന്നാൽ ഇതിൽ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്‌തമായ മറുപടി ലഭിച്ചിട്ടില്ലെന്നും, സ്വന്തം സമ്പാദ്യമാണ് ആ പണമെങ്കിൽ രേഖകൾ സമർപ്പിക്കാൻ എന്തിനാണ് കാലതാമസം എന്നും വിജിലൻസ് ചോദിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.
എന്നാൽ തന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് തിരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നെന്നും, അതിന് കൃത്യമായ രേഖകൾ ഉണ്ടെന്നും കെഎം ഷാജി മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. ഇവ ഒരാഴ്‌ചക്കകം ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചിലർ ഇക്കാര്യത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ് എന്നും അദ്ദേഹം വ്യക്‌തമാക്കി. വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് വിജിലൻസ് കെഎം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോടെയും വീടുകളിൽ റെയ്‌ഡ് നടത്തിയത്. തുടർന്ന് രേഖകൾ ഇല്ലാത്ത 50 ലക്ഷം രൂപ പിടികൂടുകയായിരുന്നു. എന്നാൽ പണത്തിന് രേഖകൾ ഉണ്ടെന്നും അവ 24 മണിക്കൂറിൽ ഹാജരാക്കുമെന്നുമാണ് അന്ന് കെഎം ഷാജി വ്യക്‌തമാക്കിയത്. എന്നാൽ ഇതുവരെ രേഖകൾ ഹാജരാകാത്ത സാഹചര്യത്തിലാണ് ഇന്ന് കെഎം ഷാജിയെ ചോദ്യം ചെയ്യാൻ വിജിലൻസ് തീരുമാനിച്ചത്.
Read also : എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു; വർധന 16 ശതമാനം