പഴയങ്ങാടി: ചൂട്ടാട്-പാലക്കോട് അഴിമുഖത്തിന്റെ സംരക്ഷണത്തിന് പുലിമുട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹാർബർ എഞ്ചിനീയറിങ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. സംഘത്തിൽ ടിവി രാജേഷ് എംഎൽഎയും ഉണ്ടായിരുന്നു. പുലിമുട്ടിന്റെ നിർമാണം മൂന്ന് മാസത്തിനകം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ (ആർകെഐ) ഉൾപ്പെടുത്തി ഹാർബർ എഞ്ചിനീയറിങ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുക. 28.6 കോടി രൂപയുടെ സമഗ്രപദ്ധതിക്കാണ് കഴിഞ്ഞ ഫെബ്രുവരി 24ന് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി ഭരണാനുമതി ലഭിച്ചത്.
മാട്ടൂൽ, മാടായി, പാലക്കോട് തീരദേശ മേഖലയിലെ കടലേറ്റം തടയുന്നതിനും മൽസ്യബന്ധനം സുഗമമാക്കുന്നതിനും പാലക്കോട് അഴിമുഖത്ത് മണൽ അടിഞ്ഞുകൂടുന്നത് തടഞ്ഞ് മൽസ്യബന്ധന ബോട്ടുകളുടെ അപകടം ഒഴിവാക്കുന്നതിനുമാണ് പുലിമുട്ട് നിർമിക്കുന്നത്. ഇതിന്റെ ഭാഗമായി വടക്കുഭാഗത്ത് 365 മീറ്ററും തെക്ക് 210 മീറ്ററും പുലിമുട്ട് നിർമിക്കും. ഇതോടൊപ്പം പാലക്കോട് പുഴ സംരക്ഷണത്തിന് 695 മീറ്റർ സംരക്ഷണ ഭിത്തിയും നിർമിക്കും.
Also Read: കെഎം ഷാജിക്ക് എതിരായ അന്വേഷണം; വിജിലൻസ് സംഘത്തെ വിപുലീകരിക്കും






































