ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും തിരക്കുപിടിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തുടക്കത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യം അല്ല ഇന്നുള്ളത്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മാത്രമുള്ള തീവ്ര സ്ഥിതി ഇപ്പോള്‍ രാജ്യത്തില്ലെന്നും അമിത് ഷാ പറഞ്ഞു.
‘നമ്മള് പലരുമായും ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്. ആദ്യത്തെ തവണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്തെ അവസ്ഥ വ്യത്യസ്തമായിരുന്നു. അന്ന് നമുക്ക് അടിസ്ഥാന സൗകര്യങ്ങളും ചികിൽസാ സൗകര്യങ്ങളും ആവശ്യമായിരുന്നു. എന്തെങ്കിലും മരുന്നോ വാക്സിനോ അന്ന് ലഭ്യമായിരുന്നില്ല. ഓരോ സാഹചര്യവും കണക്കിലെടുത്ത് തീരുമാനമെടുക്കും. പക്ഷെ ഇപ്പോള്‍ തിരക്കുപിടിച്ച് ഒരു ലോക്ക്ഡൗണിന്റെ ആവശ്യമില്ല’, അമിത് ഷാ പറഞ്ഞു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2.61 ലക്ഷത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്തത്. 1,500ലധികം കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1.47 കോടിയായി.
Read also: കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവ്