ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും ഇന്റെർനെറ്റ് നിരോധനം നീട്ടി. ഈ മാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടത് മുതൽ സംസ്‌ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 31ന് ഇന്റർനെറ്റ് നിരോധനം നീട്ടിവെച്ചിരുന്നു. അതേസമയം, മണിപ്പൂരിൽ കഴിഞ്ഞ ദിവസം വീണ്ടും സംഘർഷം ഉണ്ടായി.
ഇരുഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ ഇംഫാൽ വെസ്‌റ്റ് ജില്ലയിൽ വെടിവെപ്പ് ഉണ്ടായി. മണിപ്പൂരിലെ നാഗാ വിഭാഗം എംഎൽഎമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്താനിരിക്കെയാണ് വീണ്ടും സംഘർഷം ഉണ്ടായത്. അതേസമയം, മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും.
കലാപവുമായി ബന്ധപ്പെട്ട് നിലവിൽ ആറ് കേസുകളാണ് സിബിഐ രജിസ്‌റ്റർ ചെയ്‌തത്. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്‌ഥർ ആയിരിക്കും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. മണിപ്പൂർ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 98 ആയി. 310 പേർക്ക് പരിക്കേറ്റു. തീവെച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്‌റ്റർ ചെയ്‌തു. നിലവിൽ അഞ്ചു ജില്ലകളിൽ കർഫ്യൂ ഇളവ് പിൻവലിക്കുകയും 11 ജില്ലകളിൽ ഇളവ് നൽകുകയും ചെയ്‌തിട്ടുണ്ട്.
Most Read: മുഖ്യമന്ത്രി വിളിക്കുമ്പോൾ ഞാൻ ‘പേടിച്ചെന്ന്’ പറയണം; പരിഹസിച്ച് വിഡി സതീശൻ