ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തി തെലങ്കാനയും. തെലങ്കാനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്‌തി അറിയിച്ച് നേരത്തെ ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. ഏപ്രിൽ 30 വരെയാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ അതിവേഗത്തിലാണ് സംസ്‌ഥാനത്ത് കോവിഡ് പടർന്നുപിടിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5926 പേർക്കാണ് പുതുതായി തെലങ്കാനയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. 18 മരണവും റിപ്പോട് ചെയ്‌തിട്ടുണ്ട്.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഹിമ കോഹ്‍ലി സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് രാത്രി കര്‍ഫ്യൂവോ വാരാന്ത്യ ലോക്ക്ഡൗണോ ഏർപ്പെടുത്താൻ നിർദേശിച്ചു. 48 മണിക്കൂറിനകം നിർദേശം നടപ്പിലാക്കിയില്ലെങ്കിൽ കോടതി ഉത്തരവിറക്കുമെന്നും സർക്കാരിനെ അറിയിച്ചിരുന്നു.
കോടതി നിർദേശത്തിനെ തുടർന്ന് മണിക്കൂറുകൾക്കകം തെലങ്കാന സർക്കാർ സംസ്‌ഥാനത്ത് രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തുകയായിരുന്നു. രാത്രി 9 മുതൽ 5 വരെയാണ് കര്‍ഫ്യൂ.
Read also: യുപി ലോക്ക്ഡൗൺ; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി







































