ന്യൂഡെൽഹി: കോവിഡ് വാക്സിൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. വാക്സിൻ ലീഡർ എന്ന നിലയിൽനിന്ന് രാജ്യം വാക്സിൻ യാചകർ എന്ന നിലയിലേക്ക് എത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ ആരോപിച്ചു.
കൊറോണ പോസിറ്റീവ് രോഗികളെ പരിശോധിക്കുന്നതിന് പകരം സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച നടത്തിയ വെർച്വൽ വാർത്താ സമ്മേളനത്തിലാണ് അജയ് മാക്കൻ രൂക്ഷവിമർശം ഉന്നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയത് വാചകമടി മാത്രമായിരുന്നു. പ്രധാനമന്ത്രിയിൽനിന്ന് സംസ്ഥാനങ്ങളും സാധാരണക്കാരും പ്രതീക്ഷിച്ചത് സമാശ്വാസമായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ പതിനെട്ട് മിനുട്ട് പ്രസംഗം പതിവ് പോലെ എല്ലാവരെയും നിരാശപ്പെടുത്തി.
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കൾ ആയിരുന്നിട്ടും ഇതുവരെ വെറും 1.3 ശതമാനം ഇന്ത്യക്കാർക്ക് മാത്രമാണ് കോവിഡ് വാക്സിന്റെ രണ്ടു ഡോസും നൽകാനായത്. ഇത് എന്തുകൊണ്ടാണ് എന്നതിന് പ്രധാനമന്ത്രിക്ക് ഉത്തരം നൽകാനാകുമോ? ലോകത്തെ വലിയ മരുന്ന് നിർമാതാക്കളിൽ ഒന്നായിട്ടും എന്തുകൊണ്ടാണ് ജീവൻരക്ഷാ മരുന്നുകളുടെ കാര്യത്തിൽ കടുത്ത ദൗർലഭ്യം നേരിടുന്നതെന്നും അദ്ദേഹം ചോദിച്ചു.
Read Also: ‘വിദേശ കമ്പനിക്ക് ഓക്സിജൻ വിൽക്കാൻ കെഎംഎംഎല്ലിന് പദ്ധതിയെന്നത് വ്യാജവാർത്ത’; ഇപി ജയരാജൻ







































